ന്യൂഡൽഹി: തീവ്രവാദത്തിനെതിരേ നടപടിയെടുക്കുന്നതിൽ കാനഡ 40 വർഷമായി പരാജയപ്പെട്ടുവെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്നായിക്. സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഘടകങ്ങൾക്കെതിരേ നാലു പതിറ്റാണ്ടോളം ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടും കാനഡ എന്താണു ചെയ്തതെന്ന് കാനഡയുടെ പൊതുടെലിവിഷനായ സിബിസിക്കു നൽകിയ അഭിമുഖത്തിൽ ഇന്ത്യൻ സ്ഥാനപതി ചോദിച്ചു.
ഇന്ത്യയെ ലക്ഷ്യംവച്ചുള്ള തീവ്രവാദത്തിനും അക്രമത്തിനും കാനഡയുടെ നിഷ്ക്രിയത്വം അനുവദനീയമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് ഹൈക്കമ്മീഷണർ കുറ്റപ്പെടുത്തി. കാനഡ കേന്ദ്രീകരിച്ചുള്ള തീവ്രവാദത്തിനെതിരേ 40 വർഷമായി ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടും നടപടിയെടുത്തിട്ടില്ല.കാനഡയിൽ ഒരാൾപോലും ശിക്ഷിക്കപ്പെട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിനാശകരമായ ഇടവേളയ്ക്കുശേഷം ഒത്തുചേരുകയാണ്. എന്നാൽ, ഏതൊരു ദീർഘകാല പുനഃസ്ഥാപനത്തിനും വ്യത്യസ്തമായ കനേഡിയൻ സമീപനം ആവശ്യമാണ്.
ഇന്ത്യ- കാനഡ ബന്ധം പുനസ്ഥാപിക്കാനും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യ സന്ദർശിക്കാനും തയാറെടുക്കുന്നതിനിടെയാണ് ഇന്ത്യയുടെ രൂക്ഷ വിമർശനം. ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം കാനഡ പ്രധാനമന്ത്രി സ്വീകരിക്കാനിരിക്കുകയുമായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാന്പത്തിക പങ്കാളിത്ത കരാറിനായുള്ള ചർച്ചകൾ പുനഃരാരംഭിക്കാനും ഊർജിത ശ്രമം നടന്നുവരികയായിരുന്നു. ഇന്ത്യയിൽ ഹിതപരിശോധന വേണമെന്ന സിക്ക് തീവ്രവാദികളുടെ ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഹിതപരിശോധന നടത്തുന്നത് ഒരു കുറ്റകൃത്യമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് പട്നായിക് ചൂണ്ടിക്കാട്ടി.

