ആദിത്യ ധറിൻ്റെ ‘ധുരന്ധർ’ എന്ന ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്നായിരുന്നു അക്ഷയ് ഖന്നയുടെ നൃത്തം. അവിസ്മരണീയമായ പ്രകടനത്തിലൂടെ നായകൻ രൺവീർ സിങ്ങിനോളം തന്നെ അക്ഷയ് ഖന്നയും ആരാധകർക്കിടയിൽ ചർച്ചചെയ്യപ്പെട്ടു. ഏറെ വർഷത്തിനിടെ താരമൂല്യം പതിന്മടങ്ങ് വർധിപ്പിച്ച അക്ഷയ് സോഷ്യൽ മീഡിയയിലും വലിയ തരംഗമായി. അക്ഷയുടെ പുഞ്ചിരിക്കും താടിയെല്ലിനും വരെ ആരാധകരുണ്ടായി.
ഇതിനിടെ ധുരന്ധറിന്റെ രണ്ടാംഭാഗത്തിൽ അക്ഷയ് ഉണ്ടാകുമോയെന്ന ചോദ്യം സജീവമായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ നിന്നും രണ്ടാംഭാഗത്തിൽ അദ്ദേഹമുണ്ടാവില്ലെന്ന സൂചനയാണ് പ്രേക്ഷകർക്ക് ലഭിച്ചത്.
എന്നാൽ അക്ഷയുടെ ആരാധകർക്ക് ഒരുപക്ഷേ സന്തോഷിക്കാനുള്ള വകയുണ്ടായേക്കും. രണ്ടാംഭാഗത്തിനായി അക്ഷയ് ഉടൻ ചിത്രീകരണത്തിലേക്ക് മടങ്ങിയെത്തുമെന്നൊരു സൂചന പുറത്തുവരുന്നുണ്ട്. ഫിലിംഫെയർ പങ്കുവെച്ച പുതിയ റിപ്പോർട്ടനുസരിച്ച് അക്ഷയുടെ കഥാപാത്രത്തിന്റെ ഭൂതകാലം രണ്ടാംഭാഗത്തിലുണ്ടാവും. “ഞങ്ങളുടെ ഉറവിടങ്ങൾ പറയുന്നത്, അക്ഷയ് ഖന്ന രണ്ടാംഭാഗത്തിൽ തൻ്റെ കഥാപാത്രത്തിൻ്റെ ഭൂതകാലം അവതരിപ്പിക്കാനായി ഒരാഴ്ചത്തെ ഷൂട്ടിങ്ങിനായി എത്തുന്നുണ്ടെന്നാണ്”-റിപ്പോർട്ടിൽ പറയുന്നു.
അർജുൻ രാംപാൽ, ആർ. മാധവൻ, സഞ്ജയ് ദത്ത്, സാറ അർജുൻ എന്നിവരും അണിനിരക്കുന്ന ധുരന്ധർ 2 മാർച്ച് 19-ന് തിയേറ്ററുകളിലെത്തും. ആദ്യഭാഗം വമ്പൻ വിജയമായതിന്റെ ആവേശമൊടുങ്ങും മുമ്പേ രണ്ടാംഭാഗവുമെത്തുന്നു എന്നതാണ് പ്രത്യേകത. ഹിന്ദി, തെലുങ്ക്, കന്നട, മലയാളം, തമിഴ് ഭാഷകളിൽ ചിത്രമിറങ്ങും.
യഷിൻ്റെ ടോക്സിക്കുമായി ചിത്രം നേരിട്ട് കൊമ്പുകോർക്കും.അതേസമയം, ദൃശ്യം മൂന്നാംഭാഗത്തിന്റെ ഹിന്ദി പതിപ്പിൽ നിന്ന് അക്ഷയ് ഖന്ന പിന്മാറിയിട്ടുണ്ട്.

