ന്യൂഡല്‍ഹി: രാജ്യത്തെ ഒന്‍പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. തെരഞ്ഞെടുപ്പ് അടുത്ത പശ്ചിമബംഗാളിനാണു പ്രഥമ പരിഗണന നല്‍കിയത്. ഏഴു സര്‍വീസുകളാണ് ഇവിടേക്ക് അനുവദിച്ചത്.
ആസാമില്‍നിന്ന് രണ്ടു സര്‍വീസുകളും നടത്തും. ഈ ട്രെയിനുകള്‍ ബിഹാര്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കും.
കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല. ബംഗാളില്‍നിന്ന് നാഗര്‍കോവില്‍, തിരുച്ചിറപ്പള്ളി, ബംഗളൂരു, മുംബൈ, താംബരം, ബനാറസ്, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണു സര്‍വീസുകള്‍. ആസാമിലെ ഗോഹട്ടിയില്‍നിന്ന് റോഹ്തക്, ലക്നോ എന്നിവിടങ്ങളിലേക്കാണു സര്‍വീസ്. അമൃത് ഭാരത് എക്സ്പ്രസിലെ എല്ലാ കോച്ചുകളും നോണ്‍ എസിയാണ്. 2023ലാണ് അമൃത് ഭാരത് ട്രെയിനുകൾ റെയിൽവേ പുറത്തിറക്കിയത്. ഇതിനോടകം 30 ട്രെയിനുകൾ സർവീസ് ആരംഭിച്ചുകഴിഞ്ഞു.ആസാം, ബിഹാര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളുടെയും ദീര്‍ഘദൂര യാത്രക്കാരുടെയും തിരക്ക് കണക്കിലെടുത്താണ് ഈ പുതിയ റൂട്ടുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഉത്സവസീസണുകളിലും തിരക്കേറിയ സമയങ്ങളിലും യാത്രക്കാരുടെ എണ്ണം പരിഗണിച്ച് മിതമായ നിരക്കില്‍ സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കുകയാണ് ഈ ട്രെയിനുകള്‍ വഴി ലക്ഷ്യമിടുന്നത്.
ജോലി, വിദ്യാഭ്യാസം, കുടുംബ ആവശ്യങ്ങള്‍ എന്നിവയ്ക്കായി വിവിധ സംസ്ഥാനങ്ങളിലേക്കു യാത്ര ചെയ്യുന്നവര്‍ക്ക് ഇതു വലിയ ആശ്വാസമാകുമെന്ന് റെയില്‍വേ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

