പാലക്കാട്: ‘‘സ്വർണം ഒരു ഗ്രാമിന് പതിമൂന്നായിരം രൂപയേ വിലയുള്ളൂ. പക്ഷേ, ഒരു കിലോ മുല്ലപ്പൂവിന് അതിന്റെ പകുതിയോളം വിലയുണ്ട്. ബുധനാഴ്ച അങ്ങാടിയിൽ കർഷകരിൽനിന്ന് കച്ചവടക്കാർ പൂവെടുത്തത് 6000 രൂപയ്ക്കാണ്.ആഘോഷങ്ങൾക്കായി പാലക്കാട് പൂ വാങ്ങിക്കാനെത്തിയ ആവശ്യക്കാർക്ക് വ്യാഴാഴ്ച 8000 രൂപയാണ് നൽകേണ്ടിവന്നത്.’’-വാളയാർ ആറ്റുപ്പതിയിലെ മുല്ലപ്പൂവ് കർഷകൻ ജോൺ ജോസഫ് (47) കത്തിക്കയറുന്ന മുല്ലപ്പൂവിലയെക്കുറിച്ച് വാചാലനായെങ്കിലും മുഖം നിരാശയാൽ വാടി.
ഡിസംബറിൽ മഞ്ഞുവീഴ്ച തുടങ്ങിയതോടെയാണ് ദുരിതവും തുടങ്ങിയതെന്ന് കർഷകർ പറയുന്നു. വാളയാർ മേഖലയിൽ മാത്രം പ്രാദേശികമായി 13 കർഷകർ കുറ്റിമുല്ല കൃഷി ചെയ്യുന്നുണ്ട്.വരവ് കുറയുകയും പൊങ്കൽ അടുത്തെത്തുകയും ചെയ്തതോടെ വിപണിയിൽ മുല്ലപ്പൂവിന് തീവിലയാണ്. വാളയാറിലെ കർഷകർക്ക് പൂവ് തമിഴ്നാട് അതിർത്തിയിലെ മാർക്കറ്റിൽ വിറ്റപ്പോൾ കിട്ടിയത് 6000 രൂപയാണ്. തമിഴ്നാട്ടിൽനിന്നുൾപ്പെടെ മുല്ലപ്പൂവെത്തുന്നത് മൂന്നിലൊന്നായി ചുരുങ്ങിയിട്ടുണ്ടെന്ന് മേട്ടുപ്പാളയം പൂമാർക്കറ്റിലെ വ്യാപാരി എസ്. ഷമീറും സുൽത്താൻപേട്ടയിലെ വ്യാപാരി എം. സാദിക്കും പറഞ്ഞു.
സത്യമംഗലം, കോയമ്പത്തൂർ, നരക്കോട്ടെ എന്നിവിടങ്ങളിൽനിന്നാണ് പട്ടണത്തിലേക്ക് പ്രധാനമായും പൂവെത്തുന്നത്. 10 കിലോ പൂ വരുന്നത് മൂന്ന് കിലോപോലും കിട്ടാനില്ല. പൊങ്കൽ തീരുംവരെയും മുല്ലപ്പൂവില താഴാനിടയില്ലെന്നും ഇവർ പറയുന്നു.

