ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം തിരുവിഴ ജയശങ്കറിന്; സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി എന്‍ വാസവന്‍ പുരസ്‌കാരം സമ്മാനിച്ചു

ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം നാഗസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കറിന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തുറമുഖ- സഹകരണ- ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ സമ്മാനിച്ചു. അര്‍ഹമായ കരങ്ങളിലാണ് പുരസ്‌കാരം എത്തിയതെന്ന് മന്ത്രി പറഞ്ഞു. ആഗോളതലത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ് തിരുവിഴ ജയശങ്കറിന്റേത്. പ്രതിഭാശാലിയായ കലാകാരനായ തിരുവിഴ ജയശങ്കര്‍ നാഗസ്വരത്തെ ആഗോളതലത്തില്‍ പ്രശസ്തിയിലേക്ക് ഉയര്‍ത്തി. നാഗസ്വരം ജനകീയമാക്കിയതുള്‍പ്പെടെ പ്രശസ്തമായ നിരവധി അയ്യപ്പഭക്തിഗാനങ്ങള്‍ നാഗസ്വരത്തിലൂടെ ജനമനസിലെത്തിച്ചു. ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്ന പ്രതിഭയാണ് തിരുവിഴ ജയശങ്കറെന്നും മന്ത്രി സൂചിപ്പിച്ചു.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അയ്യപ്പ വിഗ്രഹവും തിരുവിഴ ജയശങ്കറിന് മന്ത്രി സമ്മാനിച്ചു. നാഗസ്വരത്തിനായി ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് തിരുവിഴ ജയശങ്കറെന്ന് അധ്യക്ഷന്‍ പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പരാതികളില്ലാത്ത തീര്‍ത്ഥാടനകാലമായിരുന്നുവെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. റവന്യു (ദേവസ്വം) വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം പ്രശസ്തിപ്രത്രം വായിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ രാജു, പി ഡി സന്തോഷ് കുമാര്‍, ശബരിമല എഡിഎം അരുണ്‍ എസ് നായര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പുരസ്‌കാര ജേതാവ് തിരുവിഴ ജയശങ്കര്‍ മറുപടി പ്രസംഗം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *