സര്‍ക്കാരിന്റെ പുതിയ ഹേറ്റ് സ്പീച്ച് വിരുദ്ധ നിയമങ്ങള്‍ക്കും തോക്ക് നിയന്ത്രണ നിയമങ്ങള്‍ക്കും എതിരെ ഗ്രീന്‍സും പ്രതിപക്ഷവും രംഗത്തെത്തി.നിലവിലെ രൂപത്തില്‍ ഈ നിയമങ്ങളെ പിന്തുണയ്ക്കില്ലെന്ന് അവര്‍ വ്യക്തമാക്കി.സിഡ്നിയിലെ ബോണ്ടി ബീച്ചിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്.കോംബാറ്റിംഗ് ആന്റിസെമിറ്റിസം, ഹേറ്റ് ആന്‍ഡ് എക്‌സ്ട്രീമിസം ബില്‍ 2026 എന്ന പേരില്‍ ഈ നിയമം സര്‍ക്കാര്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.
നിയമപ്രകാരം വംശം, നിറം, ദേശീയത എന്നിവയുടെ പേരില്‍ ഒരാളെയോ ഒരു വിഭാഗത്തെയോ അപമാനിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ പെരുമാറ്റം ക്രിമിനല്‍ കുറ്റമാക്കും.അതോടൊപ്പം വെറുപ്പ് പടര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തുന്ന നേതാക്കള്‍ക്കോ പ്രസംഗകര്‍ക്കോ ഉള്ള ശിക്ഷ വര്‍ദ്ധിപ്പിക്കും. ചില സാഹചര്യങ്ങളില്‍ 15 വര്‍ഷം വരെ തടവ് ലഭിക്കാം.
ഹേറ്റ് സ്പീച്ച് നിയമങ്ങള്‍ ലംഘിക്കുന്ന വിദേശികള്‍ക്ക് ഓസ്ട്രേലിയ നല്‍കിയിട്ടുള്ള വീസ റദ്ദാക്കാനോ അപേക്ഷ തള്ളാനോ ആഭ്യന്തര മന്ത്രിക്ക് കൂടുതല്‍ അധികാരം ലഭിക്കും.ചില സംഘടനകളെ ‘ഹേറ്റ് ഗ്രൂപ്പുകള്‍’ ആയി പ്രഖ്യാപിക്കാനും ഇത്തരം സംഘടനകളില്‍ അംഗമാകുന്നതോ സാമ്പത്തിക സഹായം നല്‍കുന്നതോ കുറ്റകരമാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.
ഈ നിയമം നിലവിലെ രൂപത്തില്‍ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷമായ കോളിഷനും ഗ്രീന്‍സും വ്യക്തമാക്കിയിട്ടുണ്ട്.നിയമത്തില്‍ എല്‍ജിബിടിക്യു (LGBTQ+), ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് കൂടി സംരക്ഷണം നല്‍കണമെന്നും രാഷ്ട്രീയ പ്രതിഷേധങ്ങളെ ഇത് തടയരുതെന്നും അവര്‍ ആവശ്യപ്പെടുന്നു.മതപരമായ അഭിപ്രായപ്രകടനങ്ങളെ ഇത് ബാധിക്കുമോ എന്ന ആശങ്ക പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്.ഈ ബില്ലിന്മേല്‍ ചര്‍ച്ചകള്‍ നടത്തുന്നതിനായി ജനുവരി 19, 20 തീയതികളില്‍ പാര്‍ലമെന്റ് പ്രത്യേകമായി സമ്മേളിക്കും.

