ഓസ്‌ട്രേലിയയില്‍ പ്ലാസ്റ്റിക് നിരോധനം കൂടുതല്‍ കര്‍ശനമാക്കി;കമ്പോസ്റ്റബിള്‍ ബാഗുകളും മസ്റ്റ്-ലേബലിംഗ് രീതിയും നിര്‍ബന്ധം

ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ പരിസ്ഥിതി നിയമപ്രകാരം, രാജ്യത്തുടനീളം ഒറ്റത്തവണ ഉപയോഗിക്കുന്ന കൂടുതല്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.മൈക്രോപ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങളിലും നിയന്ത്രണം വന്നിട്ടുണ്ട്.

മുന്‍പ് നിരോധിച്ച പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്കും കവറുകള്‍ക്കും പുറമെ,സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും ടൂത്ത് പേസ്റ്റുകളിലും ഉപയോഗിക്കുന്ന മൈക്രോബീഡ്സ് പൂര്‍ണ്ണമായും നിരോധിച്ചു.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ കപ്പുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നിയന്ത്രണം വന്നു.സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പച്ചക്കറികള്‍ ഇടാന്‍ നല്‍കുന്ന വളരെ കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം കമ്പോസ്റ്റബിള്‍ (മണ്ണില്‍ ലയിക്കുന്ന) ബാഗുകള്‍ നിര്‍ബന്ധമാക്കി.പിസ ബോക്‌സിനുള്ളില്‍ വെക്കുന്ന ചെറിയ പ്ലാസ്റ്റിക് സ്റ്റാന്‍ഡുകളും നിരോധന പട്ടികയില്‍ ഇടംപിടിച്ചു.

നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ക്കും വിതരണക്കാര്‍ക്കും വന്‍തുക പിഴ ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് അടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ അത് എങ്ങനെ പുനരുപയോഗം ചെയ്യണം അല്ലെങ്കില്‍ നശിപ്പിക്കണം എന്ന് വ്യക്തമാക്കുന്ന ‘മസ്റ്റ്-ലേബലിംഗ്’ രീതി നിര്‍ബന്ധമാക്കി.ബയോഡീഗ്രേഡബിള്‍’ എന്ന് അവകാശപ്പെടുന്ന പല പ്ലാസ്റ്റിക്കുകളും പൂര്‍ണ്ണമായും മണ്ണില്‍ ലയിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്,കര്‍ശനമായ ഓസ്ട്രേലിയന്‍ സ്റ്റാന്‍ഡേര്‍ഡ്’ (AS 4736) ഉള്ളവയ്ക്ക് മാത്രമേ അനുമതി നല്‍കുന്നുള്ളൂ.

ഓസ്ട്രേലിയന്‍ തീരങ്ങളിലും സമുദ്രങ്ങളിലും അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുകയാണ് ലക്ഷ്യം.2027-ഓടെ പ്ലാസ്റ്റിക് പാക്കേജിംഗിന്റെ 70% എങ്കിലും പുനരുപയോഗിക്കാന്‍ കഴിയുന്നതാക്കി മാറ്റുക എന്ന ദേശീയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണിത്.കടകളില്‍ പോകുമ്പോള്‍ സ്വന്തമായി തുണിസഞ്ചികള്‍ കരുതുന്നതും, പുനരുപയോഗിക്കാന്‍ കഴിയുന്ന കോഫി കപ്പുകള്‍ ഉപയോഗിക്കുന്നതും പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *