സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി സർഗ്ഗോത്സവത്തിന് ജനുവരി 19ന് തുടക്കം

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമാക്കി ‘സവിശേഷ Carnival of the Different’ എന്ന പേരിൽ ഭിന്നശേഷി സർഗ്ഗോത്സവത്തിന് തിരുവനന്തപുരത്ത് ജനുവരി 19 ന് തുടക്കമാകുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ, ഈ മേഖലയിലെ ദേശീയ-അന്തർ ദേശീയ വീക്ഷണങ്ങൾ, അസിസ്റ്റീവ് ടെക്‌നോളജി ഡെമോൻസ്‌ട്രേഷൻ, കലാ-കായിക പരിപാടികൾ, തൊഴിൽമേള, നൈപുണ്യ വികസനശില്പശാല, ഇൻക്ലൂസീവ് ചലച്ചിത്രോത്സവം തുടങ്ങിയവ ഉൾപ്പെട്ട സമഗ്ര ഭിന്നശേഷി ഇടപെടലായാണ് ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത് ഭിന്നശേഷി സർഗ്ഗോത്സവം സംഘടിപ്പിക്കുന്നത്.

ഭിന്നശേഷിക്കാരുടെ ഉൾച്ചേർക്കലും പ്രാപ്യത ഒരുക്കലും ഉത്സവമാക്കുന്ന മേളയായാണ് ‘സവിശേഷ Carnival of the Different’ വിഭാവനം ചെയ്തിരിക്കുന്നത്. സഹായ ഉപകരണ സാങ്കേതികവിദ്യകളുടെ പ്രദർശനം, ഭിന്നശേഷിയുള്ളവർ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശന-വിപണന വേദികൾ, അന്താരാഷ്ട്ര തലത്തിലെ നവീന ആശയങ്ങളുടെ അവതരണം, നിയമ അവബോധ പരിപാടികൾ, രക്ഷിതാക്കൾക്കും പരിചാരകർക്കുമുള്ള പിന്തുണാ സംവിധാനങ്ങളെക്കുറിച്ചുള്ള ബോധവത്കരണം, ഭിന്നശേഷി അവകാശങ്ങളും നയപരിഷ്‌കരണങ്ങളും സംബന്ധിച്ച ചർച്ചകൾ നയരൂപീകരണ വിദഗ്ദ്ധർ, ഭിന്നശേഷി മേഖലയിലെ പ്രവർത്തകർ എന്നിവരുമായുള്ള ആശയവിനിമയങ്ങൾ, ന്യൂറോ ഡൈവേഴ്സിറ്റിയുമായി ബന്ധപ്പെട്ട പ്രത്യേകം ആഘോഷപരിപാടികൾ, പൂർണ്ണമായും ബാരിയർ-ഫ്രീ സൗകര്യങ്ങളോടെ ഇൻക്ലൂസീവ് കായിക മത്സരങ്ങൾ ഉൾപ്പെടുത്തിയുള്ള ഇൻക്ലൂസീവ് സ്‌പോർട്‌സ്, ഭക്ഷ്യമേള എന്നിവ വിവിധ വേദികളിലായി ഉണ്ടാവും.

പ്രചാരണ പരിപാടിയുടെ ഭാഗമായി ജനുവരി 17 നു വൈകുന്നേരം 3 മണിമുതൽ 6 മണിവരെ ഭിന്നശേഷി പ്രതിഭകൾ അവതരിപ്പിക്കുന്ന ഫ്ളാഷ് മോബ് റോഡ് ഷോ നടക്കും. അനുയാത്ര റിഥം ഡാൻസ് ഗ്രൂപ്പിലെ അംഗങ്ങൾ, നിഷ് ഇൻസ്റ്റിറ്റിട്യൂട്ടിലെ കേൾവി പരിമിതരായ പ്രതിഭകൾ എന്നിവരാണ് തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൾ ഫ്ളാഷ് മോബ് അവതരിപ്പിക്കുക

Leave a Reply

Your email address will not be published. Required fields are marked *