കൊച്ചി: വായു മലിനീകരണം രൂക്ഷമായതോടെ പുകമറയില്‍ കൊച്ചി നഗരം. വെള്ളിയാഴ്ചത്തെ എയര്‍ ക്വാളിറ്റി ഇൻഡക്സ് – എക്യുഐ പ്രകാരം കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം അനാരോഗ്യകരമായി സ്ഥിതിയിലാണ്. എക്യുഐ വെബ്സൈറ്റില്‍ നാളുകളായി കൊച്ചിയിലെ വായു അനാരോഗ്യകരം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കച്ചേരിപ്പടിയിലെ മാത്രം എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 169 ആണ്. അനാരോഗ്യകരമായ ഈ വായു ഗുണനിലവാരം ആസ്ത്മയും ശ്വാസകോശ രോഗമുള്ളവര്‍ക്കും ശ്വാസതടസം ഉണ്ടാക്കും.
ഹൃദ്രോഗമുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും അസ്വസ്ഥതയുണ്ടാക്കിയേക്കും. ഐരാപുരം – 154, അങ്കമാലി – 152, പോത്താനിക്കാട് – 132, ഏലൂര്‍ – 106 എന്നിവിടങ്ങളിലെ എയര്‍ ക്വാളിറ്റി ഇൻഡക്സും മോശമാണ്. ഏലൂര്‍, ഇടയാര്‍, കരിമുകള്‍, അമ്പലമുകള്‍ തുടങ്ങിയ വ്യവസായ മേഖലകളിലെ വായു കൊച്ചിയെ ശ്വാസംമുട്ടിക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി.
തുടര്‍ച്ചയായി നഗരത്തിലെ വായുവിന്റെ ഗുണനിലവാരം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ പിങ്ക്ലൈനിന്റെ നിര്‍മാണവും അതിനൊപ്പംതന്നെ റോഡ് നവീകരണവും നടക്കുന്നതിനാല്‍ സ്ഥിതി കൂടുതല്‍ വഷളാണ്. എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ റെയില്‍വേ സ്റ്റേഷനുകളിലും അറ്റകുറ്റപണികളും നടക്കുന്നുണ്ട്. മാത്രമല്ല, മാലിന്യങ്ങള്‍ പൊതുഇടത്തില്‍ വലിച്ചെറിയുന്നതും പതിവുകാഴ്ച. വായു മലിനീകരണം കൂടാന്‍ വാഹനങ്ങള്‍ക്ക് വ്യാജ മലിനീകരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് കൊണ്ടാണെന്ന ആക്ഷേപവും നേരത്തെ ഉയര്‍ന്നിരുന്നു.

