കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന് ചെയര്മാന് ജോസ് കെ. മാണി ഔദ്യോഗികമായി പ്രഖ്യാപിച്ചു. യുഡിഎഫിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാ ണെന്നും അദ്ദേഹം വ്യക്തമാക്കി.മുന്നണി മാറ്റ ചര്‍ച്ചകള്‍ക്കിടെ കോട്ടയത്ത് നടന്ന കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്.പാര്‍ട്ടിക്കുള്ളില്‍ ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ യോഗം തള്ളി. അഞ്ച് എംഎല്‍എമാരും പാര്‍ട്ടിക്കൊപ്പം ഒറ്റക്കെട്ടാണെന്നും ചെയര്മാന് അറിയിച്ചു.മന്ത്രി റോഷി അഗസ്റ്റിന്, എന്‍. ജയരാജ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം യോഗം വിലയിരുത്തി. ചില മേഖലകളില്‍ തിരിച്ചടിയുണ്ടായെങ്കിലും പാര്‍ട്ടി വോട്ട് ബാങ്ക് സുരക്ഷിതമാണെന്ന് യോഗം വിലയിരുത്തി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സഭാ നേതൃത്വത്തിന്റെ സമ്മര്‍ദ്ദമുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇതിനിടയില്‍ പ്രചരിച്ചു. എന്നാല്‍, ഈ അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് ഇന്ന് സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടന്നത്.

