സിഡ്നി വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ കുറവ് മൂലം നിരവധി വിമാനങ്ങള്‍ റദ്ദാക്കി.ഡസന്‍ കണക്കിന് ആഭ്യന്തര സര്‍വീസുകളെയാണ് ഇത് ബാധിച്ചത്.എയര്‍ സര്‍വീസസ് ഓസ്ട്രേലിയയിലെ ജീവനക്കാരുടെ കുറവാണ് പ്രതിസന്ധിക്ക് കാരണം. നിരവധി ഉദ്യോഗസ്ഥര്‍ അസുഖം മൂലം ഒരേസമയം അവധിയില്‍ പ്രവേശിച്ചതാണ് സ്ഥിതി വഷളാക്കിയത്.
ക്വാണ്ടാസ് (Qantas), വെര്‍ജിന്‍ ഓസ്ട്രേലിയ (Virgin Australia), ജെറ്റ്സ്റ്റാര്‍ (Jetstar) തുടങ്ങിയ പ്രധാന വിമാനക്കമ്പനികളുടെ മുപ്പതോളം സര്‍വീസുകളാണ് റദ്ദാക്കിയത്.
സിഡ്നി വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിക്കുന്നവര്‍ വിമാനത്താവളത്തിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയക്രമം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
സിഡ്നി വിമാനത്താവളത്തിലെ കണ്‍ട്രോള്‍ ടവറില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ വിമാനങ്ങള്‍ പുറപ്പെടുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നടപടി. ഇത് മൂലം മിക്ക വിമാനങ്ങളും മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്

