കൊച്ചി: 14 വര്‍ഷമായി തടവില്‍ കഴിയുന്ന കൊലക്കേസ് പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി. കോട്ടയം കുന്നേല്‍പ്പീടികയില്‍ വിജീഷ് വധക്കേസിലെ പ്രതി പാമ്പാടി വെള്ളൂര്‍ സ്വദേശി സി.ജി. ബാബുവിനെയാണു വെറുതെ വിട്ടത്.
വിചാരണവേളയില്‍ അര്‍ഹമായ നിയമസഹായം ലഭിച്ചില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ ജഡ്ജിക്ക് ആ ചുമതല ഏറ്റെടുക്കാനാകില്ലെന്നതുമടക്കം ചൂണ്ടിക്കാട്ടി ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണു അഡീ. സെഷന്‍സ് കോടതി വിധിച്ച ജീവപര്യന്തം തടവും പിഴയും റദ്ദാക്കി വെറുതെവിട്ടത്.
2011 സെപ്റ്റംബര്‍ 18ന് ഓണാഘോഷത്തിനിടെയാണു വിജീഷ് കുത്തേറ്റു മരിച്ചത്. പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ വിചാരണക്കോടതി ജഡ്ജി വിസ്താരം നടത്തിയിരുന്നെങ്കിലും വിചാരണവേളയില്‍ പ്രതിക്ക് ന്യായമായ നിയമസഹായം ലഭിച്ചില്ലെന്നു കോടതി വിലയിരുത്തി.
തെളിവുകള്‍ ശരിയായി വിലയിരുത്തിയില്ലെന്നും കഴിവുള്ള അഭിഭാഷകനെ ലഭിച്ചില്ലെന്നുമുള്ള പ്രതിയുടെ വാദവും ശരിവച്ചു. പ്രതി 14 വര്‍ഷം തടവുശിക്ഷ അനുഭവിച്ചതിനാല്‍ പുനര്‍വിചാരണ നടത്തുന്നത് ന്യായമല്ല. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ലംഘനമാണുണ്ടായതെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി.

