ഹൃദയമുറിപ്പാടുകളിൽ നിന്നും
ഇറ്റുവീഴുന്ന ചോരത്തുള്ളികളിൽ
കണ്ണുനീരിൻ്റെ ഉപ്പുചേർത്ത്
ഞാനുണക്കാനിട്ടു.
അതിലേയ്ക്ക് വീണ്ടും ,
വീണ്ടും പതിച്ചുകൊണ്ടിരുന്ന
വിശുദ്ധപാപങ്ങളുടെ പെരുമഴകൾക്ക്
നിൻ്റെ മണമായിരുന്നു !
ഗാഗുൽത്താമലയിലെ
തലയോട്ടികൾ
ജറുസേലേമിനെ നോക്കി
പുഞ്ചിരിക്കെ,
ഹോളി സെപൽച്ചർ ദേവാലയത്തിൽ
കൂട്ടമണിയടികൾ
അങ്ങ്;
ഗോർഡൻ കാൽവരിയിൽ
നീതിമാൻ്റെ പീഢാനുഭവങ്ങളുടെ
തിരുശേഷിപ്പുയർന്ന് നിന്നു!
സുവിശേഷങ്ങളിൽ
ശിഷ്യൻമാരുടെ
വാഴ്ത്തിപ്പാടലുകളിൽ
നിറച്ചുവച്ചത്
നിൻ്റെ ഹൃദയമിടിപ്പുകളായിരുന്നു.
ത്യാഗത്തിൻ്റ
പൂർണ്ണതയ്ക്കൊപ്പം
രക്തം കട്ടചേർന്നൊട്ടിയ
പരിശുദ്ധസ്നേഹത്തെ
വെളുത്ത തൂവാലയിൽ പൊതിഞ്ഞ്
ഞാൻ ചേർത്തുവയ്ക്കുന്നു.
ഹൃദയമിടുപ്പുകളായി.


