‘ആദായ വിൽപ്പന’, 473 KM റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിക്ക് 1.25 ലക്ഷത്തിൻ്റെ ഡിസ്‌കൗണ്ട് ഓഫർ

ഇലക്‌ട്രിക് കാറുകളും രാജ്യത്ത് പ്രചാരം നേടി കുതിക്കുകയാണ്. നിലവിൽ ടാറ്റ മോട്ടോർസും എംജിയുമാണ് വൈദ്യുത വാഹന വിഭാഗം ഭരിക്കുന്നതെങ്കിലും ഇന്ത്യയിൽ ആദ്യത്തെ മാസ് മാർക്കറ്റ് ഇവി പുറത്തിറക്കിയവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. കോന ഇവിയിലൂടെ നിശബ്‌ദ വിപ്ലവത്തിന് തിരികൊളുത്തിയ ബ്രാൻഡിന് പക്ഷേ തിളങ്ങാനാവാതെ പോയി. പിന്നീട് പതിയെ കളികാണാൻ ഗ്യാലറിയിലേക്ക് കയറിയ ഹ്യുണ്ടായി അയോണിക് 5, ക്രെറ്റ ഇവി തുടങ്ങിയ ഇടിവെട്ട് മോഡലുകളിലൂടെ വീണ്ടും മൈതാനത്തേക്ക് എത്തി. നിലവിൽ തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിയുന്ന ഇലക്ട്രിക് മിഡ്-സൈസ് എസ്‌യുവി ആർക്കും ധൈര്യപൂർവം വാങ്ങിക്കാൻ കഴിയുന്ന വാഹനമാണ്.

കഴിഞ്ഞ വർഷമാണ് ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ് വിപണിയിൽ അവതരിപ്പിക്കുന്നത്. പെട്രോൾ, ഡീസൽ രൂപത്തിൽ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നതെങ്കിലും ബാറ്ററി ഘടിപ്പിച്ച ക്രെറ്റയ്ക്ക് കാര്യമായ രീതിയിൽ കച്ചോടം പിടിക്കാനാവുന്നില്ല. മിടുക്കനാണെങ്കിലും ആളുകൾ വാങ്ങാനെത്താത്തതിൽ ഏറെ നിരാശരാണ് കമ്പനി. ഈയൊരു സാഹചര്യം ഒഴിവാക്കുവാനായി ജനുവരിയിൽ കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഹ്യുണ്ടായി.

ക്രെറ്റ ഇലക്ട്രിക് എസ്‌യുവി ഈ മാസം വാങ്ങുന്നവർക്ക് പരമാവധി 1.25 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടോടെ വാഹനം സ്വന്തമാക്കാനാവും. പക്ഷേ വേറൊരു കാര്യം ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാൽ ബ്രാൻഡ് നേരിട്ട് വാഗ്ദാനം ചെയ്യുന്ന ഓഫല്ലിത്. മറിച്ച് ഡീലർഷിപ്പ് ലെവൽ ഓഫറാണെന്നാണ് കാർടോക്ക് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ക്രെറ്റ ഇവി വാങ്ങാൻ താത്പര്യമുള്ളവർക്ക് അവരുടെ ഏറ്റവും അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം.

എല്ലാ ഡീലർഷിപ്പുകളും ഓഫർ വാഗ്ദാനം ചെയ്യണമെന്നില്ല. സ്റ്റോക്ക് ലഭ്യത, സംസ്ഥാനം, സ്ഥലം എന്നിവയെ അനുസരിച്ച് ഓഫർ തുകയിലും മാറ്റമുണ്ടായേക്കാം. 42 kWh, 51.4 kWh എന്നിങ്ങനെ രണ്ട് വ്യത്യസ്ത വലിപ്പത്തിലുള്ള ബാറ്ററി ഓപഷനുകളാണ് വാഹനത്തിലുള്ളത്.ഹ്യുണ്ടായി ക്രെറ്റ ഇവിയിലെ ചെറിയ ബാറ്ററി പായ്ക്കിന് സിംഗിൾ ചാർജിൽ 390 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവുമ്പോൾ 51.4 kWh ബാറ്ററി വേരിയൻ്റുകൾക്ക് ഫുൾ ചാർജിൽ 473 കിലോമീറ്റർ റേഞ്ച് വരെയാണ് വാഗ്ദാനം ചെയ്യാനാവുക. ചെറിയ ബാറ്ററി മോഡലുകൾക്ക് 135 bhp കരുത്തോളം ഉത്പാദിപ്പിക്കാനാവുമ്പോൾ വലുത് 171 bhp പവർ വരെ നിർമിക്കാൻ ശേഷിയുള്ള സിംഗിൾ-മോട്ടോർ സജ്ജീകരണവുമായിട്ടാണ് വരുന്നത്.

ലോംഗ് റേഞ്ച് വേരിയൻ്റ് 7.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുകയും ചെയ്യും. ഡിസി ഫാസ്റ്റ് ചാർജിംഗ് വഴി വെറും 58 മിനിറ്റിനുള്ളിൽ ബാറ്ററി പായ്ക്ക് 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. 11 കിലോവാട്ട് എസി ഹോം ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ ബാറ്ററി 10-100 ശതമാനം വരെ ചാർജ് ചെയ്യാൻ 4 മണിക്കൂർ വരെ സമയം വേണ്ടിവരും.

പുതിയ സ്റ്റിയറിംഗ് വീൽ, പുതിയ സെന്റർ കൺസോൾ, ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഡ്രൈവ് മോഡിനുള്ള റോട്ടറി നോബ്, പനോരമിക് സൺറൂഫ്, ഫ്രണ്ട് വെന്റിലേറ്റഡ്, പവർഡ് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ, ഡിജിറ്റൽ കീ, ADAS സ്യൂട്ട് തുടങ്ങിയവയും ഹ്യുണ്ടായി ക്രെറ്റ ഇവിയിലെ പ്രധാന ഫീച്ചറുകളാണ്.

ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിന് 18.02 ലക്ഷം രൂപ മുതൽ 23.82 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *