ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ കനത്ത ഏറ്റുമുട്ടലിൽ മൂന്ന് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു. കിഷ്ത്വാറിലെ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്തുന്നതിനായി ഇന്ത്യൻ സൈന്യം ആരംഭിച്ച ‘ഓപ്പറേഷൻ ട്രാഷി’ എന്ന സൈനിക നീക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്.
പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലെ അംഗങ്ങൾ മേഖലയിൽ ഒളിച്ചിരിപ്പുണ്ടെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച ഉച്ചയോടെ ജമ്മു ആസ്ഥാനമായുള്ള ഇന്ത്യൻ ആർമി യൂണിറ്റായ വൈറ്റ് നൈറ്റ് കോർപ്സ് ‘ഓപ്പറേഷൻ ട്രാഷി-I’ ന് തുടക്കം കുറിച്ചു. കിഷ്ത്വാറിലെ ചത്രൂവിന് വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന വനമേഖല കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും തിരച്ചിൽ നടന്നത്.
തിരച്ചിൽ സംഘം വനത്തിനുള്ളിലേക്ക് നീങ്ങുന്നതിനിടെ ഒളിച്ചിരുന്ന രണ്ട് മൂന്ന് പേരടങ്ങുന്ന ഭീകരരുടെ സംഘം സൈനികർക്ക് നേരെ തുരുതുരെ വെടിയുതിർക്കുകയും ഗ്രനേഡുകൾ എറിയുകയും ചെയ്തു. സുരക്ഷാ വലയം ഭേദിച്ച് രക്ഷപ്പെടാനായിരുന്നു ഭീകരരുടെ ശ്രമം. സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ വെടിവെപ്പ് നടന്നു. ഈ ഏറ്റുമുട്ടലിനിടെ ഗ്രനേഡ് ചീളുകൾ തറച്ചാണ് മൂന്ന് സൈനികർക്ക് പരിക്കേറ്റത്. പരിക്കേറ്റ സൈനികരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റുമുട്ടലിന് പിന്നാലെ മേഖലയിൽ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ ആർമി, സി.ആർ.പി.എഫ്, ജമ്മു കശ്മീർ പോലീസ് എന്നിവർ സംയുക്തമായാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്. ഭീകരർ ഒളിച്ചിരിക്കുന്ന പ്രദേശം സുരക്ഷാ സേന പൂർണ്ണമായും വളഞ്ഞിരിക്കുകയാണ്. സിവിൽ ഭരണകൂടവുമായും മറ്റ് സുരക്ഷാ ഏജൻസികളുമായും ഏകോപിപ്പിച്ചാണ് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.

