മലപ്പുറം: വിപണിയിൽ കുറയാതെ കോഴിയിറച്ചി വില. ജില്ലയിൽ ചില്ലറ വിൽപ്പനശാലകളിൽ 240 മുതൽ 270 രൂപ വരെയാണ് ഇറച്ചിക്ക് വില. കോഴി വില 170 മുതൽ 200 രൂപ വരെയായി ഉയർന്നു. 2025 നവംബറിൽ 140 മുതൽ 180 വരെയായിരുന്ന വിലയാണ് ഡിസംബറോടെ പടി പടിയായി ഉയർന്നത്. ഡിസംബർ-ജനുവരിയിൽ ശബരിമല സീസണിൽ സാധാരണ കോഴി വില താഴേക്ക് വരുകയാണ് പതിവ്.
എന്നാൽ ഇത്തവണ കോഴിയുടെ ലഭ്യതയിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് വില ഉയർത്തിയത്. നവംബർ അവസാനത്തോടെ ജില്ലയിൽ ഇറച്ചി വില 200 ലേക്ക് കടന്നു. ഡിസംബർ പകുതിയോടെ 240 ലേക്കും അവസാനത്തോടെ 250ഉം കടന്നു. ജനുവരിയിൽ 260 മുതൽ 270 വരെയെത്തി. ചില പ്രാദേശിക ഇടങ്ങളിൽ 280 വരെ എത്തിയിട്ടുണ്ട്. അടുത്ത മാസം റമദാൻ വരുന്നതോടെ വില റെക്കോർഡ് ഭേദിക്കുന്ന സ്ഥിതിയിലെത്തുമെന്ന് വ്യാപാരികൾ അറിയിച്ചു.

