മുംബൈ: ഇന്ത്യ ഓഹരി സൂചികകൾ നഷ്ടത്തോടെ ആഴ്ചയ്ക്കു തുടക്കമിട്ടു. ആഗോള വിപണികളിലെ തളർച്ചയും വൻതോതിലുള്ള ലാഭമെടുപ്പുമാണ് ഇന്ത്യൻ സൂചികകൾക്ക് തിരിച്ചടി നൽകിയത്.
ആഗോള തലത്തിൽ വീണ്ടും ഉടലെടുത്ത വ്യാപാര യുദ്ധഭീഷണികളും കന്പനികളുടെ സമ്മിശ്രമായ മൂന്നാംപാദ ഫലങ്ങളും നിക്ഷേപകരെ ലാഭമെടുപ്പിലേക്കു നയിച്ചു. ഇന്നലെ വലിയ തകർച്ചയെ നേരിട്ട വിപണിയെ എഫ്എംസിജി, ഓട്ടോ എന്നിവയുടെ തെരഞ്ഞെടുക്കപ്പെട്ട ഓഹരികളിലുണ്ടായ വാങ്ങലുകളാണ് രക്ഷിച്ചത്. സെൻസെക്സ് 324 പോയിന്റ് (0.39%) താഴ്ന്ന് 83,246.18ലും നിഫ്റ്റി 109 പോയിന്റ് (0.42%) നഷ്ടത്തിൽ 25,585.50ലും വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ നിഫ്റ്റി 25,500 പോയിന്റിലും താഴേക്കു പോയിരുന്നു.
നിഫ്റ്റി മേഖലാ സൂചികകളിൽ എഫ്എംസിജി (0.67%), ഓട്ടോ (0.13%) എന്നിവ ഒഴികെ എല്ലാ സൂചികകളും ചുവപ്പിലാണ് ക്ലോസ് ചെയ്തത്. റിയൽറ്റി (1.99%), മീഡിയ (1.84%) ഓഹരികൾ വൻ നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഐടി സൂചിക 0.47 ശതമാനം ഇടിവ് നേരിട്ടു.

