ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പാതയിൽ വൻ കുതിച്ചുചാട്ടം പ്രവചിക്കുന്ന എസ്ബിഐ റിസർച്ചിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവന്നു. 2028-ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും 2030-ഓടെ രാജ്യം ‘ഉയർന്ന ഇടത്തരം വരുമാനമുള്ള’ രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിൽ ഈ വിഭാഗത്തിലുള്ള ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പമായിരിക്കും അന്ന് ഇന്ത്യയുടെ സ്ഥാനം.
ലോകബാങ്കിന്റെ വർഗ്ഗീകരണമനുസരിച്ച് 1990-ൽ വെറും 39 രാജ്യങ്ങൾ മാത്രമാണ് ഉയർന്ന വരുമാനമുള്ളവരുടെ പട്ടികയിൽ ഉണ്ടായിരുന്നതെങ്കിൽ 2024-ൽ അത് 87 ആയി ഉയർന്നു. ഗയാന, ചൈന തുടങ്ങിയ രാജ്യങ്ങൾ കൈവരിച്ച വളർച്ചയ്ക്ക് സമാനമായ മാറ്റമാണ് ഇന്ത്യയിലും പ്രകടമാകുന്നത്. കഴിഞ്ഞ ദശകത്തിൽ ആഗോള വളർച്ചാ വിതരണത്തിന്റെ 95-ാം ശതമാനത്തിലേക്ക് ഇന്ത്യ എത്തിയത് രാജ്യത്തിന്റെ വളർച്ചയുടെ വേഗത വ്യക്തമാക്കുന്നു.

