കാല്പനികലോകമായിരുന്നിരിക്കണം അത്..
ഏതോ കാട്ടുപൂഞ്ചോലയിലെ
ആരവങ്ങൾ കേൾക്കുന്നുണ്ടായിരുന്നു…
അവൻ തന്റെ കാലിലെ
വിലകൂടിയ ഷൂസ്
അഴിച്ച് നഗ്നപാദയായ
അവൾക്ക് നൽകി…
കാലിലെ നോവുകൾക്ക്
ആശ്വാസമുണ്ടെന്ന
അവളുടെ വാക്കുകൾക്ക്
നറുനിലാവ് പകരം
നൽകി… അവൻ
ചെങ്കുത്തായ ഗർത്തങ്ങളും
കുന്നുകളും
ചതുപ്പുനിലങ്ങളും..
കാട്ടുപൂക്കളുടെ ഗന്ധവും..
നീലപക്ഷിയുടെ
ഗാനവും..
ചുറ്റിലും
എങ്കിലും
വഴിയിലെ മുൾച്ചെടിയിലെ
രക്തക്കറ
അവളെ അസ്ഥസ്ഥമാക്കിക്കൊണ്ടിരുന്നു .. അവന്റെ നഗ്നപാദത്തിലെ മുറിവിലെ ആയിരുന്നു.. അത്..
യഥാർത്ഥവും
മിഥ്യവും ഇടകലർന്ന്
കരിയിലകൾ പറയുന്നുണ്ടായിരുന്നു
അവളൊരു വനകന്യകയെന്ന്
വർഷങ്ങളായി മഴ നനയാത്ത
മരവിച്ച ഹൃദയവും
പ്രകാശം തട്ടാത്ത വരണ്ട മിഴികളും
സസ്യജാലങ്ങളെ
സ്നേഹിതരാക്കി ശലഭങ്ങളുമായി
കൂട്ടുകൂടി കിളികളുടെ പാട്ട് പിൻതുടർന്നുണ്ടായിരുന്നു
അവൾ..
വനമുല്ലയിൽ വാർമുടി
രഹസ്യസഞ്ചാരം നടത്തിയ
കാഴ്ചയിൽ പോക്കുവെയിൽ
കൂട്ടിലടയ്ക്കപ്പെട്ടു….
അമിതപ്രണയതീയിൽ
അല്ലിനിലാവിനെ മടിയിൽ വെയ്ക്കാൻ
കൊതിച്ച അവന്റെ
വാടിയ ഹൃദയം വനസഞ്ചാരം
അവസാനിപ്പിച്ചു..
പാകമാകാത്ത അവന്റെ പാദുകം
അവൾ അവന് തിരികേ നൽകി
യെങ്കിലും
അവയാകെ കേടുപറ്റിയിരുന്നു.

രജിത എൻ.കെ

