ന്യൂഡല്‍ഹി: തെരുവ് നായ പ്രശ്‌നവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ, മൃഗസംരക്ഷണ പ്രവര്‍ത്തകയും ബിജെപി നേതാവുമായ മേനക ഗാന്ധിക്കെതിരെയും മൃഗസ്നേഹികളുടെ വാദങ്ങള്‍ക്കെതിരെയും സുപ്രീംകോടതിയില്‍ രൂക്ഷവിമര്‍ശനം.
തെരുവ് നായകളെ അവയുടെ ആവാസവ്യവസ്ഥയില്‍ നിന്ന് മാറ്റാന്‍ പാടില്ലെന്ന മേനക ഗാന്ധിയുടെയും എന്‍ജിഒകളുടെയും നിലപാട് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിവിധ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. നായകളെ വന്ധ്യംകരണത്തിന് ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ തിരികെ വിടണമെന്ന നിയമം കൊണ്ടുവരാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഇത്തരം സംഘടനകളാണെന്ന് കോടതിയില്‍ ആരോപണമുയര്‍ന്നു. നായകള്‍ക്ക് മനുഷ്യരേക്കാള്‍ പ്രാധാന്യം നല്‍കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
‘നായകളോട് അമിതമായ സ്‌നേഹമുള്ളവര്‍ അവയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി വളര്‍ത്തട്ടെ, പൊതുജനങ്ങളെ കടിക്കാന്‍ തെരുവില്‍ വിടരുത്’ എന്ന് ജസ്റ്റീസ് വിക്രം നാഥ് പരാമര്‍ശിച്ചു. തന്‍റെ അഭിഭാഷക ജീവിതത്തിൽ മനുഷ്യർക്ക് വേണ്ടി ഇത്രയും ശക്തമായ വാദം താന്‍ കേട്ടിട്ടില്ലെന്നും ജസ്റ്റീസ് വിക്രം നാഥ് പറഞ്ഞു.
തെരുവ് നായകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനും അക്രമങ്ങള്‍ കൂടുന്നതിനും കാരണമാകുന്നത് നിലവിലെ നിയമങ്ങളിലെ അശാസ്ത്രീയതയാണെന്നും അത് തിരുത്തണമെന്നും കോടതിയില്‍ ആവശ്യമുയര്‍ന്നു. തെരുവ് നായകളുടെ ആക്രമണം മൂലമുണ്ടാകുന്ന ഓരോ പരിക്കിനും മരണത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ വലിയ തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

