അഡ്ലെയ്ഡിന്റെ വടക്കുപടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ ക്രോയ്ഡണ്‍ പാര്‍ക്കിലെ (Croydon Park) ഒരു വ്യവസായ ശാലയില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അതിശക്തമായ തീപിടുത്തം ഉണ്ടായത്.ടോറന്‍സ് റോഡിന് (Torrens Road) സമീപം സ്ഥിതി ചെയ്യുന്ന ഒരു വലിയ കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. പുകയുടെ സാന്നിധ്യം കിലോമീറ്ററുകളോളം ദൂരത്തില്‍ ദൃശ്യമായത് നഗരവാസികള്‍ക്കിടയില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.
ഏകദേശം 40-ലധികം അഗ്നിശമന സേനാ യൂണിറ്റുകളും നൂറോളം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന രാസവസ്തുക്കളോ ഇന്ധനമോ ആകാം തീ ഇത്ര വേഗത്തില്‍ പടരാന്‍ കാരണമായതെന്ന് കരുതപ്പെടുന്നു. തീപിടുത്തത്തെത്തുടര്‍ന്ന് കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നു വീണതായും റിപ്പോര്‍ട്ടുകളുണ്ട്.
സുരക്ഷാ കാരണങ്ങളാല്‍ ടോറന്‍സ് റോഡ് ഉള്‍പ്പെടെയുള്ള പ്രധാന പാതകള്‍ ഗതാഗതത്തിനായി അടച്ചു.അന്തരീക്ഷത്തില്‍ പുകയുടെ അളവ് വര്‍ദ്ധിച്ചതിനാല്‍ ക്രോയ്ഡണ്‍ പാര്‍ക്ക്,വെസ്റ്റ് ക്രോയ്ഡണ്‍,ഡെല്ഫിന് തുടങ്ങിയ സമീപപ്രദേശങ്ങളിലുള്ളവര്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നും ജനാലകളും എയര്‍ കണ്ടീഷനിംഗ് സംവിധാനങ്ങളും അടച്ചിടണമെന്നും സൗത്ത് ഓസ്ട്രേലിയന്‍ മെട്രോപൊളിറ്റന്‍ ഫയര്‍ സര്‍വീസ് (MFS) കര്‍ശന നിര്‍ദ്ദേശം നല്കി.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല.തീ പൂര്‍ണ്ണമായും അണച്ച ശേഷം ഫയര്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും,തീപിടുത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.പ്രദേശത്തെ ഗതാഗത തടസ്സം നീങ്ങാന്‍ സമയമെടുക്കുമെന്നതിനാല്‍ യാത്രക്കാര്‍ ഇതര വഴികള്‍ ഉപയോഗിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു.

