മുംബൈ: ന്യൂസിലാൻഡിനെതിരെയുള്ള ടി20 പരമ്പര ബുധനാഴ്ച തുടങ്ങാനിരിക്കെ നിർണായക പ്രഖ്യാപനവുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. തിലക് വർമ പരിക്കേറ്റ് പുറത്തായതിനാൽ മൂന്നാം നമ്പരിൽ ഇഷാൻ കിഷനെത്തുമെന്ന് ക്യാപ്റ്റൻ പറഞ്ഞു.
മത്സരത്തിന് മുമ്പ് നാഗ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സൂര്യയുടെ പ്രഖ്യാപനം. ടി20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന വട്ട ഒരുക്കമാണ് ന്യൂസിലൻഡിനെതിരെയുള്ള ഈ അഞ്ച് മത്സരങ്ങളുടെ പരമ്പര. അതിനാൽ ചില പരീക്ഷണങ്ങൾ ഇനിയും നടത്തിയേക്കും.
2023 നവംബറിന് ശേഷം ഇതാദ്യമായാണ് ഇഷാൻ കിഷൻ നീലക്കുപ്പായത്തിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ച മികച്ച പ്രകടനമാണ് താരത്തിന് വീണ്ടും ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്.തന്റെ ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്തില്ലെന്ന് സൂര്യകുമാർ വ്യക്തമാക്കി. പ്രത്യേക സാഹചര്യങ്ങളിൽ മാത്രം മൂന്നാം നമ്പരിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

