നാഗ്പുർ: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സത്തിൽ ഇന്ത്യയ്ക്ക് ഗംഭീര ജയം. മത്സരത്തിൽ 48 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 239 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനെ സാധിച്ചുള്ളു. 78 റൺസുമായി ഗ്ലെൻ ഫിലിപ്പ്സും 39 റൺസുമായി മാർക്ക് ചാപ്മാനും തിളങ്ങിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
ഡാരിൽ മിച്ചൽ 28 റൺസും ടിം റോബിൻസൺ 21 റൺസും എടുത്തു. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തിയും ശിവം ദുബെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അർഷ്ദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 238 റൺസെടുത്തത്. അഭിഷേക് ശർമയുടെയും റിങ്കു സിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.35 പന്തിൽ 84 റൺസാണ് അഭിഷേക് എടുത്തത്. അഞ്ച് ബൗണ്ടറിയും എട്ട് സിക്സും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്സ്. 44 റൺസാണ് റിങ്കു സിംഗ് എടുത്തത്. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്സും റിങ്കു അടിച്ചെടുത്തു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 32 റൺസും ഹാർദിക് പാണ്ഡ്യ 25 റൺസുമെടുത്തു.
ന്യൂസിലൻഡിന് വേണ്ടി ജേക്കബ് ഡഫിയും കൈൽ ജാമീസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്രിസ്റ്റ്യൻ ക്ലർക്ക്, ഇഷ് സോദി, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ത്തന് മുന്നിലെത്തി.

