തന്നെ വധിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടാല്‍ ആ രാജ്യത്തെ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ സൈന്യത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂസ് നേഷന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഈ വിവാദപരമായ വെളിപ്പെടുത്തല്‍ നടത്തിയത്. തനിക്കെതിരെ എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍ ഇറാനെ ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനാണ് നിര്‍ദ്ദേശമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ഇറാനുമായുള്ള ബന്ധം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭരണം അവസാനിപ്പിക്കണമെന്ന് ട്രംപ് ആഹ്വാനം ചെയ്തതിന് പിന്നാലെ, ഖമേനിയെ തൊട്ടാല്‍ ലോകത്തിന് തീയിടുമെന്ന് ഇറാന്റെ സായുധ സേനയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അധികാരമേറ്റ ഉടന്‍ ഇറാനെതിരെ ‘പരമാവധി സമ്മര്‍ദ്ദം’ ചെലുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചിരുന്നു. അതേസമയം, യുഎസ് ഭരണഘടന പ്രകാരം പ്രസിഡന്റ് കൊല്ലപ്പെട്ടാല്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് അധികാരം ഏറ്റെടുക്കുമെങ്കിലും മുന്‍ഗാമിയുടെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ അദ്ദേഹം നിയമപരമായി ബാധ്യസ്ഥനല്ല

