ഗ്രീന്‍ലാന്‍ഡില്‍ നാറ്റോയുടെ (NATO) സൈനികാഭ്യാസം നടത്തണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടതായും ഇതില്‍ പങ്കുചേരാന്‍ തയ്യാറാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഓഫീസ് അറിയിച്ചു. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഈ നിര്‍ണ്ണായക പ്രഖ്യാപനം. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ ട്രംപ് എത്തുന്ന വേളയിലാണ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഈ നീക്കം നടന്നത്.
ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാന്‍ യൂറോപ്പ് അനുവദിക്കാത്ത പക്ഷം ഉയര്‍ന്ന വ്യാപാര തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിക്ക് മാക്രോണ്‍ കൃത്യമായ മറുപടി നല്കി. യൂറോപ്പ് ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും ആര്‍ക്കും തങ്ങളെ ഭീഷണിപ്പെടുത്താന്‍ സാധിക്കില്ലെന്നും ദാവോസില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് തന്ത്രം നാറ്റോ സഖ്യത്തിനുള്ളിലെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് മറ്റ് ലോകനേതാക്കളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

