തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭ സമ്മേളനം തുടരുന്നതിനിടെ സഭയിൽ ഭരണ-പ്രതിപക്ഷ പോരിന് സാധ്യത. ശബരിമല സ്വർണക്കൊള്ള വിഷയമാണ് നിയമസഭയെ പ്രക്ഷുബ്ധമാക്കുക.
സ്വർണക്കൊള്ള അടിയന്തര പ്രമേയ നോട്ടീസ് ആയി കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം. കേസിൽ ജയിലിൽ തുടരുന്നവരുടെ സിപിഎം ബന്ധം പ്രതിപക്ഷം നിയമസഭയിൽ ആയുധമാക്കും. ഇതുകൂടാതെ കടകംപള്ളി സുരേന്ദ്രനെതിരായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയും സിപിഎമ്മിന് സഭയിൽ തിരിച്ചടിയാകും. ഉണ്ണികൃഷ്ണൻ പോറ്റി-സോണിയ ഗാന്ധി കൂടിക്കാഴ്ചയുടെ ചിത്രവും വാജി വാഹന കൈമാറ്റവും ഭരണ പക്ഷം ഉന്നയിച്ചേക്കും.
മുൻ ദേവസ്വം പ്രസിഡന്റും സിപിഎം നേതാവുമായ എൻ. വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കും. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് എൻ. വാസുവിന്റെ അപ്പീൽ. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്ന് വാസു അപ്പീലിൽ ആവശ്യപ്പെടുന്നു. കേസ് അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവുശേഖരണവും ഉള്‍പ്പെടെ പൂര്‍ത്തിയായതിനാല്‍ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നാണ് വാസുവിന്റെ വാദം. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബഞ്ചാണ് എൻ. വാസുവിന്റെ അപ്പീല്‍ പരിഗണിക്കുക.

