ന്യൂഡല്‍ഹി: 2022-ല്‍ ഡല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തില്‍ കായികതാരങ്ങളെ പുറത്താക്കി നായയെ നടത്താന്‍ സൗകര്യമൊരുക്കിയെന്ന വിവാദത്തില്‍ പെട്ട മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഖിര്‍വാര്‍ വീണ്ടും ഡല്‍ഹി ഭരണകൂടത്തിന്റെ നിര്‍ണായക സ്ഥാനത്തേക്ക് തിരിച്ചെത്തി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പുതിയ കമ്മീഷണറായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തെ നിയമിച്ചു.
1994 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഖിര്‍വാര്‍ വിവാദത്തെത്തുടര്‍ന്ന് ലഡാക്കിലേക്ക് സ്ഥലം മാറ്റപ്പെട്ടതിന് ശേഷം ഏകദേശം മൂന്ന് വര്‍ഷം കഴിഞ്ഞാണ് ഡല്‍ഹിയില്‍ തിരിച്ചെത്തുന്നത്. നിലവിലെ കമ്മീഷണര്‍ അശ്വനി കുമാറിന് പകരക്കാരനായാണ് ഖിര്‍വാര്‍ ചുമതലയേല്‍ക്കുന്നത്. അശ്വനി കുമാറിനെ ജമ്മു കശ്മീരിലേക്ക് സ്ഥലം മാറ്റി.
ഡല്‍ഹി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ, ഖിര്‍വാറും ഭാര്യയും സ്റ്റേഡിയത്തില്‍ നായയെ നടത്തുന്നതിനായി കായികതാരങ്ങളെ നേരത്തെ പുറത്തിറങ്ങാന്‍ നിര്‍ബന്ധിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇദ്ദേഹത്തെ ലഡാക്കിലേക്കും ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചല്‍ പ്രദേശിലേക്കും സ്ഥലം മാറ്റിയത്. എംസിഡി ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുന്ന നിര്‍ണായക ഘട്ടത്തിലാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. നഗരത്തിലെ റോഡുകളുടെ നവീകരണം, ശുചീകരണം, തെരുവ് നായകളുടെ നിയന്ത്രണം തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ ഇദ്ദേഹത്തിൻ്റെ പ്രവര്‍ത്തനം നിര്‍ണായകമാകും. ജനുവരി 21-നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

