ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ധാറിലുള്ള വിവാദമായ ഭോജ്ശാല കമല്‍ മൗല പള്ളി സമുച്ചയത്തില്‍ വസന്ത പഞ്ചമി പ്രമാണിച്ച് ഹിന്ദുക്കള്‍ക്കും മുസ്ലിംകള്ക്കും പ്രാര്‍ത്ഥന നടത്താന്‍ സുപ്രീംകോടതി അനുമതി നല്കി. ജനുവരി 23 വെള്ളിയാഴ്ച വസന്ത പഞ്ചമി (സരസ്വതി പൂജ) വരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഈ നിര്‍ണായക ഉത്തരവ്.വസന്ത പഞ്ചമി ദിനത്തില്‍ സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ കോടതി അനുമതി നല്കി. അതേസമയം, മുസ്ലിംകള്ക്ക് ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണി വരെ ജുമാ നിസ്കാരം നിര്‍വ്വഹിക്കാനും സമയം അനുവദിച്ചു.
നിസ്കാരത്തിന് എത്തുന്നവരുടെ പട്ടിക ജില്ലാ ഭരണകൂടത്തിന് മുന്‍കൂട്ടി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇരുവിഭാഗങ്ങളും പരസ്പര ബഹുമാനം പുലര്‍ത്തണമെന്നും ക്രമസമാധാന പാലനത്തിനായി ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അഭ്യര്‍ത്ഥിച്ചു.വസന്ത പഞ്ചമി വെള്ളിയാഴ്ച തന്നെ വന്നതിനാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോടതി ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്കി. എണ്ണായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
പതിനൊന്നാം നൂറ്റാണ്ടിലെ ഈ സ്മാരകം സരസ്വതി ക്ഷേത്രമാണെന്ന് ഹിന്ദുക്കളും കമല്‍ മൗല പള്ളിയാണെന്ന് മുസ്ലിംകളും വിശ്വസിക്കുന്നു.
നിലവില്‍ 2003ലെ പുരാവസ്തു ഗവേഷക വകുപ്പിന്റെ ഉത്തരവ് പ്രകാരം ചൊവ്വാഴ്ചകളില്‍ ഹിന്ദുക്കള്‍ക്കും വെള്ളിയാഴ്ചകളില്‍ മുസ്ലിംകള്ക്കും ഇവിടെ പ്രാര്‍ത്ഥനയ്ക്ക് അനുവാദമുണ്ട്. എന്നാല്‍ വസന്ത പഞ്ചമിയും വെള്ളിയാഴ്ചയും ഒന്നിച്ചു വരുമ്പോഴുണ്ടാകുന്ന അവകാശ തര്‍ക്കത്തിലാണ് ഇപ്പോള്‍ കോടതി ഇടപെട്ടിരിക്കുന്നത്.

