ബെയ്ജിങ്: ഒരു ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് എന്ന നയത്തിനായി ചൈന നടത്തിയ അധ്വാനത്തിന് കണക്കില്ല. അത് ഒടുവില്‍ ഫലം കാണുകയും ചെയ്തു. എന്നാല്‍, ഇങ്ങനെ പോയാല്‍ അത് ജനസംഖ്യക്കുറവിലേക്ക് നയിക്കുമെന്ന ഭീതി ചൈനയെ പിടികൂടിത്തുടങ്ങി. ദീര്‍ഘകാലമായി തുടര്‍ന്ന ഒറ്റക്കുട്ടി നയം അവസാനിപ്പിച്ച് ഒരു ദശാബ്ദമായെങ്കിലും അതൊന്നും ഇപ്പോള്‍ ഫലം ചെയ്യുന്നില്ല.
കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാകുന്നവര്‍ക്ക് സബ്സിഡികള്‍ മുതല്‍ പല വിധ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടും രക്ഷയില്ല. തിങ്കളാഴ്ച പുറത്തുവിട്ട ജനസംഖ്യ കണക്കുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണവര്‍. എങ്കിലും ജനസംഖ്യ വലിയ തോതില്‍ കുറയുകയാണ്. തുടര്‍ച്ചയായ നാലാം വര്‍ഷത്തെ പ്രതിഭാസമാണിത്. 2025ല്‍ ചൈനയിലെ ജനസംഖ്യ 1.404 ബില്യണ്‍ ആയിരുന്നു. ഇത് മുന്‍വര്‍ഷത്തെക്കാള്‍ മൂന്ന് ദശലക്ഷം കുറവാണ്.

