ന്യൂഡല്‍ഹി : ഇന്ത്യന്‍ നിര്‍മിത ആയുധങ്ങളിലുള്ള ലോകത്തിന്റെ വിശ്വാസത്തിന് അടിവരയിട്ടു കൊണ്ട് ഇന്ത്യയുടെ പിനാക ഗൈഡഡ് മിസൈലുകള്‍ അര്‍മേനിയയിലേക്ക്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച പിനാക മള്‍ട്ടിപ്പിള്‍-ലോഞ്ച് റോക്കറ്റ് സിസ്റ്റത്തിന്റെ ആദ്യ ബാച്ച് ആണ് അര്‍മേനിയയിലേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആണ് ആദ്യ ബാച്ച് കയറ്റുമതിയുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചത്.
നാഗ്പൂരിലെ സോളാര്‍ ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസ് ലിമിറ്റഡ് (എസ്ഡിഎഎല്‍) സൗകര്യത്തില്‍ നിന്ന് പിനാക ഗൈഡഡ് മിസൈലുകളുടെ ആദ്യ കയറ്റുമതി അര്‍മേനിയയിലേക്ക് അയച്ചതായി രാജ്നാഥ് സിംഗ് അറിയിച്ചു. പിനാക മള്‍ട്ടി-ബാരല്‍ റോക്കറ്റ് ലോഞ്ചര്‍ അതിന്റെ കൃത്യതയ്ക്കും ദീര്‍ഘദൂരത്തിനും പേരുകേട്ടതാണ്. പിനാകയുടെ നൂതന പതിപ്പുകള്‍ക്ക് ഇപ്പോള്‍ 120 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയും.

