ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനെന്ന പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച ‘ബോര്‍ഡ് ഓഫ് പീസ്’ സമിതിയില്‍ അംഗമാകാനുള്ള തീരുമാനം പാകിസ്താനില്‍ വന്‍ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തുന്നു. സ്വന്തം രാജ്യത്തെ ജനതാത്പര്യങ്ങളെയും പാലസ്തീന് നിലപാടുകളെയും തള്ളിക്കളഞ്ഞ് ട്രംപിന്റെ രാഷ്ട്രീയ കളിപ്പാവയായി പാകിസ്താന് മാറുന്നു എന്ന ആരോപണമാണ് പ്രതിപക്ഷവും നയതന്ത്ര വിദഗ്ധരും ഉയര്‍ത്തുന്നത്.ട്രംപിന്റെ ക്ഷണത്തിന് പിന്നാലെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കരാറില്‍ ഒപ്പുവെക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത് രാജ്യത്തിനകത്ത് വലിയ എതിര്‍പ്പുകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബോര്‍ഡ് ഓഫ് പീസില്‍ ഇസ്രായേലും അംഗമാണ്.ഇസ്രായേലിനെ ഔദ്യോഗികമായി അംഗീകരിക്കാത്ത പാകിസ്ഥാന്,അവര്‍ക്കൊപ്പം ഒരു സമിതിയില്‍ ഇരിക്കുന്നത് ശരിയല്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.രാജ്യത്തെ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ എടുത്ത ഏകപക്ഷീയമായ തീരുമാനമാണിതെന്ന് വിമര്‍ശനമുണ്ട്.ട്രംപിന്റെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു വേദിയായി ഈ സമിതി മാറുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്
അതേ സമയം അന്താരാഷ്ട്ര തലത്തില്‍ തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് പാകിസ്ഥാന് ഇതിലൂടെ ശ്രമിക്കുന്നത്.ബോര്‍ഡ് ഓഫ് പീസില്‍ അംഗമാകുന്നതിലൂടെ, അതിര്‍ത്തി സുരക്ഷ ഉറപ്പാക്കാനും സമാധാനപരമായ പരിഹാരങ്ങള്‍ കണ്ടെത്താനും പാകിസ്ഥാന് മറ്റ് രാജ്യങ്ങളുടെ സഹകരണം ഉറപ്പാക്കാമെന്ന് പാക്കിസ്ഥാന് കരുതുന്നു.അംഗരാജ്യങ്ങളില്‍ നിന്ന് സമിതിയുടെ സ്ഥിരാംഗത്വത്തിനായി 1 ബില്യണ്‍ ഡോളര്‍ ധനസഹായം ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.ഈ തുക നല്‍കുന്നതിനും പാക്കിസ്ഥാന് കടം മേടിക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍

