‘വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല സിന്ധു നദീജല കരാര്‍ ഇന്ത്യ നിര്‍ത്തിവെച്ചു;പാകിസ്ഥാനില്‍ ജലപ്രതിസന്ധി രൂക്ഷം, ഡാമുകള്‍ വറ്റുന്നു

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ ഇന്ത്യ താത്കാലികമായി നിര്‍ത്തിവെച്ചതോടെ പാകിസ്ഥാന്‍ കടുത്ത ജലപ്രതിസന്ധിയിലേക്ക് നീങ്ങുന്നു.റിപ്പോര്‍ട്ടുകള്‍ പ്രകാരം പാകിസ്ഥാനിലെ ജലസംഭരണികളില്‍ ഇനി വെറും 30 ദിവസത്തേക്കുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്.രാജ്യത്തെ പ്രധാന ഡാമുകളായ തര്‍ബേലയും മംഗളയും ഏതാണ്ട് വറ്റിയ നിലയിലാണ്.കാര്‍ഷിക മേഖലയുടെ 90 ശതമാനവും സിന്ധു നദിയിലെ വെള്ളത്തെ ആശ്രയിക്കുന്നതിനാല്‍ പാകിസ്ഥാന്റെ സാമ്പത്തിക ഭദ്രതയും അവതാളത്തിലായി. ‘വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല’ എന്ന കര്‍ശന നിലപാടിലാണ് ഇന്ത്യ.ഐക്യരാഷ്ട്രസഭയിലും ലോകബാങ്കിലും പാകിസ്ഥാന്‍ പരാതി നല്‍കിയെങ്കിലും, സ്വന്തം മണ്ണിലെ ഭീകരവാദം അവസാനിപ്പിക്കാതെ വിട്ടുവീഴ്ചക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.കഴിഞ്ഞ ഏപ്രിലില്‍ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യ ഈ നിര്‍ണ്ണായക തീരുമാനമെടുത്തത്.

ഇന്ത്യയ്ക്ക് പിന്നാലെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടവും പാകിസ്ഥാനെതിരെ നീങ്ങുകയാണ്.പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലേക്ക് ഒഴുകുന്ന കുനാര്‍ നദിയില്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള അഫ്ഗാന്റെ തീരുമാനം പാകിസ്ഥാന് വലിയ തിരിച്ചടിയായി.ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ പാകിസ്ഥാനിലെ ദശലക്ഷക്കണക്കിന് ആളുകളുടെ കുടിവെള്ളവും ജലസേചനവും തടസ്സപ്പെടും.

ബലൂചിസ്ഥാന്‍ തലസ്ഥാനമായ ക്വറ്റയില്‍ ഭൂഗര്‍ഭ ജലനിരപ്പ് പ്രതിവര്‍ഷം 2 മുതല്‍ 5 മീറ്റര്‍ വരെ താഴുന്നതായി പുതിയ പഠനങ്ങള്‍ പറയുന്നു.നഗരത്തിന്റെ പകുതിയിലേറെ ഭാഗത്തും കുടിവെള്ള പൈപ്പ് ലൈനുകള്‍ എത്താത്ത അവസ്ഥയാണ്.പാകിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ കറാച്ചിയില്‍ ആവശ്യമായ ജലത്തിന്റെ പകുതി പോലും നിലവില്‍ ലഭ്യമല്ല. ജലം ടാങ്കര്‍ മാഫിയകളുടെ കയ്യിലായതും ജനങ്ങളെ വലയ്ക്കുന്നു.ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോകം ‘ആഗോള ജല പാപ്പരത്തത്തിലേക്ക്’ നീങ്ങുകയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നായി പാകിസ്ഥാനെ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *