പ്രാഗ് (ചെക്): യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണിലെ ഏഴാം റൗണ്ട് മത്സരത്തില്‍ എഫ്സി ബാഴ്സലോണയുടെ ഫെര്‍മിന്‍ ലോപ്പസിന്റെ മിന്നും പ്രകടനം.
ബോക്സിനു പുറത്തുനിന്ന് ലോപ്പസ് തൊടുത്ത രണ്ട് ലോംഗ് റേഞ്ച് ഗോളുകളുടെ ബലത്തില്‍ എഫ്സി ബാഴ്സലോണ എവേ പോരാട്ടത്തില്‍ 4-2ന് സ്ലാവിയ പ്രാഗിനെ കീഴടക്കി. ലോപ്പസിനു പിന്നാലെ ഡാനി ഓള്‍മോയും ബോക്സിനു പുറത്തുനിന്നുള്ള ലോംഗ് ഷോട്ടിലൂടെ സ്ലാവിയയുടെ വല കുലുക്കി. 34, 42 മിനിറ്റുകളിലായിരുന്നു ലോപ്പസിന്റെ ഗോളുകള്‍. ഓള്‍മോ 63-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയുടെ (70) വകയായിരുന്നു എഫ്സി ബാഴ്സലോണയുടെ നാലാം ഗോള്‍.
ഹോം ഗ്രൗണ്ടില്‍ 10-ാം മിനിറ്റില്‍ വാസില്‍ കുസേജിലൂടെ സ്ലാവിയ പ്രാഗ് ലീഡ് നേടി. ലോപ്പസിന്റെ ഡബിളിലൂടെ ബാഴ്സ ലീഡ് നേടിയെങ്കിലും 44-ാം മിനിറ്റില്‍ ലെവന്‍ഡോവ്സ്കിയുടെ സെല്‍ഫ് ഗോളിലൂടെ ആതിഥേയര്‍ വീണ്ടും ഒപ്പമെത്തി.

