പരവൂർ: രാജ്യത്ത് അവശേഷിക്കുന്ന 2500 ഓളം ഡീസൽ ലോക്കോമോട്ടീവുകൾകൂടി സർവീസിൽനിന്ന് ഒഴിവാക്കാനാണ് റെയിൽ മന്ത്രാലയത്തിന്റെ തീരുമാനം. പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ചെലവ് ചുരുക്കാനും ലക്ഷ്യമിട്ട് ഡീസൽ പൂർണമായും ഒഴിവാക്കി ഇലക്ട്രിക് എൻജിനുകളിലേക്കു മാറാൻ ഒരുങ്ങി റെയിൽവേ.
രാജ്യത്ത് 70,117 റൂട്ട് കിലോമീറ്ററിൽ വൈദ്യുതീകരിക്കാൻ ഇനി വെറും 405 റൂട്ട് കിലോമീറ്റർ മാത്രം ബാക്കിനിൽക്കെയാണ് റെയിൽവേ പുതിയ പദ്ധതി ആലോചിക്കുന്നത്. നിലവിൽ ദീർഘദൂര ചരക്ക് സേവനങ്ങൾക്ക് ഇന്ത്യൻ റെയിൽവേ ഇപ്പോഴും ഡീസൽ ലോക്കോമോട്ടീവുകളെയാണ് പൂർണമായും ആശ്രയിക്കുന്നത്. എന്നാൽ, ദീർഘദൂര യാത്രാ സർവീസുകൾ പ്രധാനമായും കേബിളുകളിൽനിന്ന് വൈദ്യുതി ഉപയോഗിക്കുന്ന ഇലക്ട്രിക് ട്രെയിനുകളിലേക്ക് മാറിയിട്ടുണ്ട്.
700 കുതിരശക്തിയുള്ള ഡീസൽ എൻജിൻ മാറ്റി ലിഥിയം ഫെറോഫോസ്ഫേറ്റ് ബാറ്ററി വിജയകരമായി ഘടിപ്പിച്ചതായി കഴിഞ്ഞ സെപ്റ്റംബറിൽ കോൺകോഡ് കൺട്രോൾ സിസ്റ്റംസ് അറിയിച്ചിരുന്നു. ആറ് വർഷം മുമ്പാണ് ലിഥിയം അയേൺ ബാറ്ററി ഘടിപ്പിച്ച ലോക്കോമോട്ടീവുകൾ ഉപയോഗിക്കാൻ റെയിൽവേ തുടങ്ങിയത്. അത്തരം 10 റെയിൽവേ എൻജിനുകൾ നിർമിക്കാൻ ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
3100 കുതിരശക്തിയുള്ള ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ലോക്കോമോട്ടീവ് പ്രൊപൽഷൻ സിസ്റ്റം വികസിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. നാഷണൽ തെർമൽ പവർ കോർപറേഷന് വൈദ്യുതി പ്ലാന്റിലേക്ക് കൽക്കരി എത്തിക്കാനാണ് ഈ ഹൈഡ്രജൻ എൻജിനുകൾ ഉപയോഗിക്കുക.

