കൊച്ചി: തെരുവുനായ ശല്യത്തിന് പരിഹാരം കണ്ടെത്തുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് ആരംഭിച്ച കോള്‍ സെന്ററിലേക്കു പരാതിപ്രവാഹം. വിവിധ ജില്ലകളില്‍നിന്നായി 472 പരാതികളാണു ലഭിച്ചത്. കൂടുതൽ പരാതികൾ തിരുവനന്തപുരം ജില്ലയിൽനിന്നാണ് (151).
സംസ്ഥാനത്തു തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പരാതികളും പ്രശ്നങ്ങളും വിളിച്ചറിയിക്കുന്നതിന് ഡിസംബര്‍ മൂന്നിനാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ഓഫീസിലാണ് ഇതിന്റെ പ്രവര്‍ത്തനം. നായ്ക്കൾ കാരണം വഴി നടക്കാന്‍ പ്രയാസം, വാഹനങ്ങള്‍ക്ക് കുറുകെ ചാടി അപകടമുണ്ടാക്കുന്നു, കുട്ടികളെയും പ്രായമുള്ളവരെയും പിന്നാലെ ചെന്നു കടിക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയവയാണ് പ്രധാന പരാതികൾ.
വിളിക്കുന്നവരില്‍ വലിയ ശതമാനവും പ്രായമായവരാണ്. കോള്‍ സെന്ററില്‍ ലഭിക്കുന്ന പരാതി തദ്ദേശവകുപ്പ് പ്രിന്‍സിപ്പൽ ഡയറക്ടറേറ്റിലേക്കാണു കൈമാറുന്നത്. അവിടെനിന്നു പഞ്ചായത്തുകള്‍ക്കോ നഗരസഭകള്‍ക്കോ കൈമാറി വെറ്ററിനറി വിദഗ്ധരുടെ സഹായത്തോടെ പരിഹാരം കണ്ടെത്തുകയാണ് ചെയ്യുന്നത്. പേപ്പട്ടി ആക്രമണം പോലുള്ള അടിയന്തര സാഹചര്യങ്ങളാണ് അറിയിക്കുന്നതെങ്കില്‍ കോള്‍ സെന്ററില്‍നിന്നു പോലീസ് സ്റ്റേഷനുകളിലും ഹെല്‍ത്ത് സെന്ററുകളിലും വിവരം കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കും.
2025 ൽ ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2.49 ലക്ഷം പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. 17 ഓളം പേർ മരിച്ചു. എന്നാല്‍ നായ്ക്കളെ പിടികൂടാന്‍ പരിശീലനം ലഭിച്ചവരുടെ കുറവും പിടികൂടുന്നവയെ പാര്‍പ്പിക്കാനുള്ള ഷെല്‍ട്ടറുകളുടെ അഭാവവുമാണ് തദ്ദേശസ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധി.

