ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡിന്റെ മുന്നൊരുക്കമായുള്ള ഡ്രസ് റിഹേഴ്സല്‍ ഇന്ന് കര്‍ത്തവ്യപഥില്‍ നടക്കും.സംസ്ഥാനത്തിന്റെ നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത നേട്ടവും വാട്ടര്‍ മെട്രോയും ഉയര്‍ത്തിക്കാട്ടി കേരളം ഒരുക്കുന്ന ടാബ്ലോയും റിഹേഴ്സലില്‍ പങ്കെടുക്കും.കേരളത്തിന്റെ ടാബ്ലോയുടെ ട്രാക്ടര്‍ യൂണിറ്റില്‍ ഡിജിറ്റല്‍ സാക്ഷരതയുടെ ബ്രാന്‍ഡ് അംബാസഡറായ സരസുവിനെയാണ് ചിത്രികരിച്ചിരിക്കുന്നത്. കേരളത്തിന്റെ സവിശേഷമായ സുഗന്ധവ്യഞ്ജനങ്ങളും കാര്‍ഷിക ഉല്‍പ്പന്നങ്ങളും ഗ്രാമീണ സൗന്ദര്യവും ഇതൊടൊപ്പം അവതരിപ്പിക്കുന്നു. ഡിജിറ്റല്‍ സാക്ഷരതയിലൂടെ നേടുന്ന ജീവിതസമൃദ്ധിയാണ് പ്രതിപാദിക്കുന്നത്.
ട്രെയ്ലര് യൂണിറ്റില്‍ പിന്നില്‍ ടെര്‍മിനലോടുകൂടിയ പൂര്‍ണ്ണ വലുപ്പത്തിലുള്ള വാട്ടര്‍ മെട്രോ ബോട്ടാണ് അവതരിപ്പിക്കുന്നത്.ഹരിതകര്‍മ്മ സേനയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ആളുകളെയും ഈ യൂണിറ്റില്‍ അവതരിപ്പിക്കുന്നു. ടാബ്ലോയുടെ ഇരുവശങ്ങളിലുമായി നാലു വീതം ആര്‍ട്ടിസ്റ്റുകള്‍ നാടോടി നൃത്തം അവതരിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകത്തെ ഇത് പ്രതിനിധീകരിക്കുന്നു.ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രത്യേക സെക്രട്ടറിയും ഡയറക്ടറുമായ ടി.വി. സുഭാഷിന്റെ മേല്‍നോട്ടത്തിലാണ് ടാബ്ലോയുടെ ആശയവും നിര്‍വ്വഹണവും നടത്തിയത്.
ന്യൂഡല്‍ഹി ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ രതീഷ് ജോണ്‍ ആണ് ടാബ്ലോയുടെ നോഡല്‍ ഓഫീസര്‍.ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് നല്കിയ ആശയമനുസരിച്ച് കേരള ടാബ്ലോയുടെ ഡിസൈനിംഗും ഫാബ്രിക്കേഷന്‍ ജോലികളും നിര്‍വഹിച്ചത്, ജെ.എസ് ചൗഹാന് & അസോസിയേറ്റ്സിനായി റോയ് ജോസഫാണ്.
ടാബ്ലോയുടെ സംഗീതസംവിധാനം മോഹന്‍ സിതാരയാണ്. ഐ ആന്‍ഡ് പി. ആര് ഡി ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്. സന്തോഷാണ് ഗാനരചയിതാവ്. ഗായകന് കെ.എ.സുനില്‍. ടാബ്ലോയില്‍ അണിനിരക്കുന്ന കലാകാരികള്‍ക്കായി നൃത്തസംയോജനം നടത്തിയിരിക്കുന്നത് ജയപ്രഭ മേനോന് ആണ്. പാര്‍വതി ജെ. നായര്‍, പി.സത്യപ്രിയ, മീനാക്ഷി രാജ്, എം.എ.അവന്തിക, എന്‍.ജെ. ദേവപ്രിയ, എം.രഞ്ജന , വീണ എസ്. നായര്‍, ഷീന കെ.പിള്ള, ബി.ഷീല ,ഡി.മീനാക്ഷി , കെ. വി.ശരണ്യ,വി. കെ.വൈശാഖി ,അക്ഷര ജയന്, പാര്‍വതി എം. മോഹന്‍ എന്നിവരാണ് ടാബ്ലോയിലെ ആര്‍ട്ടിസ്റ്റുകള്‍
1996 മുതല്‍ പതിനാലാം തവണയാണ് റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ ഇടം നേടുന്നത്. വിവിധ സംസ്ഥാനങ്ങള്‍ ഒരുക്കുന്ന 17 നിശ്ചലദൃശ്യങ്ങള്‍ക്കൊപ്പം മന്ത്രാലയങ്ങളുടെ 13 ഫ്ലോട്ടുകളും ചേര്‍ന്ന് മൊത്തം മുപ്പത് ഫ്ലോട്ടുകള്‍ ഇന്ന് കര്‍ത്തവ്യപഥില്‍ അണിനിരക്കും

