ദാവോസ് : യുഎസ്, റഷ്യ, യുക്രെയ്ന് ത്രിരാഷ്ട്ര യോഗം നാളെ മുതല്‍ ആരംഭിക്കുമെന്ന് യുക്രെയ്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി. 2022 ഫെബ്രുവരിയില്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് റഷ്യയും യുക്രെയ്നും യുഎസും തമ്മില്‍ ഒരുമിച്ച് യോഗം ചേരുന്നത്. യുഎഇയില്‍ വച്ചാണ് ത്രിരാഷ്ട്ര യോഗം നടക്കുന്നത്. രണ്ടുദിവസം നീളുന്ന ചര്‍ച്ചകളാണ് തീരുമാനിച്ചിട്ടുള്ളതെന്ന് സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) ഭാഗമായി സംസാരിക്കവെ സെലെന്‍സ്കി അറിയിച്ചു.
യുഎഇയില്‍ രണ്ടു ദിവസം നടക്കുന്ന യോഗത്തിന് ശേഷം സംഘര്‍ഷത്തിന് അവസാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സെലെന്‍സ്കി സൂചിപ്പിച്ചു. ആയിരക്കണക്കിന് ആളുകളുടെ ജീവന് അപഹരിച്ച സംഘര്‍ഷത്തിന് അന്ത്യം കുറിക്കുകയാണ് ലക്ഷ്യമെന്നും യുക്രെയ്ന് പ്രസിഡന്റ് വ്യക്തമാക്കി. നേരത്തെ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ യോഗത്തില്‍ റഷ്യ-യുക്രെയ്ന് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഉടന്‍തന്നെ പുടിനുമായി ചര്‍ച്ച നടത്തുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

