മലയാളനാടകരംഗത്ത്
വിപ്ലവകരമായ തുടക്കംകുറിച്ചുകൊണ്ട്
ചരിത്രത്തിലിടംനേടിയ
നാടകകലാസമിതി.
KPAC.
1950-ജനുവരി15ന്
‘എന്റെമകനാണ് ശരി’
എന്ന നാടകാവതരണത്തിലൂടെയാരംഭിച്ച കെ.പി.എ.സി.യുടെ രംഗാവിഷ്ക്കാരം
തലമുറകൾപിന്നിട്ട്
ഇന്നുംവേദികളിൽ
ജ്വലിച്ചുനിൽക്കുന്നു.
തിരുവനന്തപുരത്തെ വി.ജെ.ടി.ഹാളായിരുന്നു ആദ്യവേദി. നാടകത്തിന്റെരചനയും സംവിധാനവും നിര്‍വഹിച്ച രാജഗോപാലന്‍നായര്‍, ജനാര്‍ദ്ദനക്കുറുപ്പ് എന്നിവര്‍ക്കുപുറമേ
സുലോചന,ജാനകി തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.
ആദ്യനാടകം അധികവിജയം നേടിയില്ല.
തുടര്‍ന്ന് തോപ്പില്‍ഭാസി ഒളിവില്‍കഴിഞ്ഞിരുന്നകാലത്ത്
‘സോമന്‍’എന്നപേരില്‍ എഴുതിയ’മുന്നേറ്റ’മെന്ന ഏകാങ്കത്തിന്റെ വികസിതരൂപമായ
“നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി” അവതരിപ്പിച്ചുകൊണ്ട് കേരളത്തിലെ ഫ്യൂഡല്‍സമ്പ്രദായത്തെയും സാമൂഹികഅനാചാരങ്ങളെയും കെ.പി.എ.സി. ചോദ്യംചെയ്തു. കേരളത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ജനകീയവത്കരണത്തില്‍ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നനാടകം വഹിച്ചിട്ടുള്ളപങ്ക് വളരെവലുതായിരുന്നു.
വയലാറിന്റെവരികള്‍ക്ക് ദേവരാജന്‍മാസ്റ്റർ ഈണംപകര്‍ന്ന ‘ബലികുടീരങ്ങളെ’ തുടങ്ങിയഗാനങ്ങള്‍ കേരളജനതയെഒന്നാകെ ആവേശഭരിതരാക്കി. ഇക്കാലഘട്ടത്തിലെ നാടകഗാനങ്ങളുടെ ആലാപനത്തിലൂടെ കെ.എസ്.ജോര്‍ജ്, കെ.പി.എ.സി. സുലോചന തുടങ്ങിയവര്‍ മലയാള നാടകഗാനലോകത്ത് ചിരപ്രതിഷ്ഠനേടി.
കാമ്പിശ്ശേരി കരുണാകരന്‍,
രാജഗോപാലന്‍ നായര്‍,സുലോചന മുതലായവരായിരുന്നു ഈ നാടകത്തിലെ അഭിനേതാക്കള്‍. ക്രമേണ കെ.പി.എ.സി.യുടെ പ്രവര്‍ത്തനം കായംകുളത്തേക്കുമാറ്റിയതോടെ
“കെ.പി.എ.സി.കായംകുളം” എന്നസ്ഥിരമായ മേല്‍വിലാസം ഈനാടക സംഘത്തിനുണ്ടായി.
നാടകങ്ങള്‍ക്കുവേണ്ടി ഗാനങ്ങൾരചിച്ചവരില്‍ പ്രമുഖനായ ഒ.എന്‍.വി. കുറുപ്പും സംഗീതസംവിധായകരായ ദേവരാജനും എം.എസ്.ബാബുരാജും നാടകസംഘത്തിന്റെപുരോഗതിക്കുവേണ്ടി അക്ഷീണംപ്രവർത്തിച്ചു. സമൂഹഗാനം രംഗത്ത് ആദ്യമായി അവതരിപ്പിച്ച് വിജയംകൈവരിച്ചതും ഈ സംഘമാണ്. ഒ.മാധവന്‍,
വി.സാംബശിവന്‍,
പി. ജെ.ആന്റണി, കോട്ടയംചെല്ലപ്പന്‍,
ലീല,ലളിത,സുലോചന, തോപ്പില്‍കൃഷ്ണപിള്ള മുതലായ ആദ്യകാലനടീനടന്മാരുടെ നിസ്വാര്‍ഥമായ സേവനത്തിലൂടെയാണ്
നാടകസമിതിയെ വളര്‍ത്തിയെടുത്തത്.
ഇക്കാലത്ത് നാടകരചയിതാവ്, നാടകസംവിധായകന്‍ എന്നീ നിലകളില്‍ തോപ്പില്‍ഭാസി ഈനാടക സംഘത്തിന്റെ നെടുന്തൂണായിമാറി.
ഒപ്പം അണിയറയിലിരുന്നുകൊണ്ടു നിശ്ശബ്ദമായി സംഘത്തിനുവേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് കെ.കേശവന്‍പോറ്റിയും കെ.പി.എ.സി.യുടെവളര്‍ച്ചയില്‍ പ്രധാനപങ്കുവഹിച്ചു.
നാട്ടുപ്രമാണിമാരുടെയും നാടുവാഴിത്തത്തിന്റെയും ഭീഷണികളും അക്രമങ്ങളും നേരിട്ടുകൊണ്ടുകൂടിയാണ് 1960-കളില്‍ കേരളത്തിന്റെ പലയിടങ്ങളിലും കെ.പി.എ.സി. നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നത്.
സര്‍വേക്കല്ല്, മുടിയനായപുത്രന്‍,
പുതിയആകാശം പുതിയഭൂമി,
ശരശയ്യ,മൂലധനം,
കൈയുംതലയും പുറത്തിടരുത്, മൃച്ഛകടികം, ഭഗവാന്‍ കാലുമാറുന്നു, ഒളിവിലെ ഓര്‍മ്മകള്‍ തുടങ്ങി
60-ലേറെനാടകങ്ങളാണ്
കഴിഞ്ഞ ഏഴുപതിറ്റാണ്ടുകൊണ്ട് കെ.പി.എ.സി. രംഗത്തവതരിപ്പിച്ചിട്ടുള്ളത്.
ഇതില്‍ ഏതാണ്ട് 17-ലേറെനാടകങ്ങള്‍ തോപ്പില്‍ഭാസിതന്നെയാണ് രചിച്ചത്. പൊന്‍കുന്നംവര്‍ക്കി,
വൈക്കം ചന്ദ്രശേഖരന്‍നായര്‍,
എന്‍.എന്‍.പിള്ള, എസ്.എല്‍.പുരം സദാനന്ദന്‍,
എന്‍.കൃഷ്ണപിള്ള, കെ.ടി.മുഹമ്മദ്,
തിക്കോടിയന്‍, കണിയാപുരംരാമചന്ദ്രന്‍ തുടങ്ങിയ പ്രമുഖരും കെ.പി.എ.സി.ക്കുവേണ്ടി നാടകങ്ങള്‍ രചിക്കുകയുണ്ടായി.
ഒ.എന്‍.വി.,
വയലാര്‍രാമവര്‍മ്മ, കേശവന്‍പോറ്റി തുടങ്ങിയവരായിരുന്നു ആദ്യകാല ഗാനരചയിതാക്കള്‍.
എം.ബി.ശ്രീനിവാസന്‍,
കെ.രാഘവന്‍,
എല്‍.പി.ആര്‍.വര്‍മ,
എം.എസ്.ബാബുരാജ്,
വി.ദക്ഷിണാമൂര്‍ത്തി, എം.കെ.അര്‍ജുനന്‍ എന്നിവര്‍ ഈണം പകര്‍ന്നഗാനങ്ങള്‍ കെ.എസ്. ജോര്‍ജും കെ.പി.എ.സി. സുലോചനയും ആലപിച്ചത് ഇന്നും
ജനഹൃദയങ്ങളിൽ മാറ്റൊട്ടുംകുറയാതെ തിളങ്ങിനിൽക്കുന്നു.
കെ.പി.എ.സി.ക്ക്
76വയസ്സാകുന്ന ഈവേളയിൽ
നാടകസമിതിക്ക്
എല്ലാവിജയാശംസകളും നേരുകയാണ്.
അഭിവാദ്യങ്ങൾ.
കെ.പി.ഉമ്മര്‍,
എന്‍.ഗോവിന്ദന്‍കുട്ടി,
ആലുമ്മൂടന്‍, കെ.പി.എ.സി.ലളിത,
അടൂര്‍ഭാസി,
പാലാ തങ്കം,
കെ.പി.എ.സി.സണ്ണി, കോട്ടയംചെല്ലപ്പന്‍, ശ്രീലത,
ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, സായ്കുമാര്‍ തുടങ്ങിയ അഭിനേതാക്കളൊക്കെ സിനിമാരംഗത്തേക്കുകടന്നുവന്നത് കെ.പി.എ.സി.യുടെ നാടകങ്ങളിലൂടെയാണ്.
വിനോദ് കട്ടച്ചിറ

