വെറുതെയിരുന്നപ്പോൾ
കൊത്താങ്കല്ലാടിക്കളിച്ച
ചില വാക്കുകൾ
കൂടെയിരുന്നവർ
സൂക്ഷിച്ചു വച്ചിരുന്നെന്ന്
ഞാനറിഞ്ഞത്
അവരത്
തിരിച്ചെറിയാൻ
തുടങ്ങിയപ്പോഴാണ്.
തഞ്ചത്തിലവർ
തിരിച്ചെറിഞ്ഞതൊക്കെ
ഉന്നം തെറ്റാതെയെത്തി
തിരുനെറ്റിയിൽ കൊണ്ട്
ചോര പൊടിഞ്ഞു.
ചാരത്ത് ചേർന്നിരുന്ന്
ചോർത്തിയെടുത്തതാണെല്ലാം..
കണ്ടതും കേട്ടതും
തൊട്ടതും പിടിച്ചതും…
തേൻ പുരട്ടി ചൂണ്ടയിട്ട്
മുഴുത്തതൊക്കെ വലിച്ചെടുത്ത്
ആഴമെല്ലാമളന്നൊടുക്കം
ബലമില്ലാ കണ്ണിയിലാഞ്ഞടിച്ച്…
ഈ വാക്കുകളങ്ങനെ
തോന്നും പോലെ
പുറത്തെടുക്കരുത്…
തൊടുത്തതൊന്നെങ്കിലും
പത്തായ് തിരിച്ചെത്തും.
സ്നേഹിക്കാനാണെങ്കിലും
ദ്രോഹിക്കാനാണെങ്കിലും
ഈ വാക്കുകളിങ്ങനെ
തോന്നും പോലെ
പറഞ്ഞേക്കരുത്….
മായ്ക്കാനാവില്ലത്. :
തിരുത്താനും….
ചിലപ്പോൾ മധുരിച്ചും
ചിലപ്പോൾ കല്ലിച്ചും
കിടക്കുമത്
കാലങ്ങളോളം.
അതുകൊണ്ടിപ്പോൾ
വാക്കുകളില്ലാ ലോകത്ത്
മൗനം
സ്വസ്ഥം.
മിനി ആന്റണി

