മോസ്കോ: ഗ്രീൻലാൻഡിനെ ആരു സ്വന്തമാക്കിയാലും റഷ്യക്കു പ്രശ്നമില്ലെന്ന് പ്രസിഡന്റ് പുടിൻ. അമേരിക്കയും ഡെന്മാർക്കും ഉഭയകക്ഷി ചർച്ചകളിലൂടെ ഗ്രീൻലാൻഡ് വിഷയം പരിഹരിക്കണം. ഗ്രീൻലാഡിന് നൂറു കോടി ഡോളർ വിലയേ വരൂ എന്നും അദ്ദേഹം ഒരു പരിപാടിക്കിടെ അഭിപ്രായപ്പെട്ടു.
ഗ്രീൻലാൻഡ് വിഷയത്തിൽ പുടിന്റെ ആദ്യ പരസ്യപ്രതികരണമാണിത്. റഷ്യയും ചൈനയും സ്വന്തമാക്കുന്നതു തടയാനാണ് അമേരിക്ക ഗ്രീൻലാൻ ഡിനെ ഏറ്റെടുക്കാൻ ശ്രമിക്കുന്നതെന്നാണ് പ്രസിഡന്റ് ട്രംപ് പറയുന്നത്. ഗ്രീൻലാന്‍ഡിനെ നിയന്ത്രിക്കാനുള്ള ട്രംപിന്റെ നീക്കത്തെ റഷ്യ എതിർക്കില്ലെന്ന് പുടിൻ സൂചിപ്പിച്ചു.
റഷ്യ 1867ൽ അലാസ്ക പ്രദേശവും ഡെന്മാർക്ക് 1917ൽ വിർജിൻ ദ്വീപുകളും അമേരിക്കയ്ക്കു വിറ്റിട്ടുണ്ട്. അലാസ്ക വിറ്റത് 72 ലക്ഷം ഡോളറിനായിരുന്നു. അതുവച്ചു കണക്കു കൂട്ടിയാൽ ഗ്രീൻലാൻഡിന് ഇന്ന് നൂറു കോടി ഡോളർ വിലയേ വരൂ. അമേരിക്കയ്ക്ക് താങ്ങാവുന്ന വിലയാണിത്. ഗ്രീൻലാൻഡിനെ ഡെന്മാർക്ക് കോളനിയായിട്ടാണ് ഇപ്പോഴും പരിഗണിക്കുന്നതെന്നും പുടിൻ അഭിപ്രായപ്പെട്ടു.

