ബാലക്ലാവ: സൗത്ത് ഓസ്‌ട്രേലിയയിലെ ബാലക്ലാവയിൽ ശനിയാഴ്ച ഉച്ചയോടെയുണ്ടായ വൻ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം. ജനവാസ മേഖലയിലുണ്ടായ തീപിടുത്തത്തിൽ ഒരു വീടും വലിയൊരു ഷെഡും പൂർണ്ണമായും കത്തിനശിച്ചു. രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ ഒരു ഫയർ ഫൈറ്റർ ഉൾപ്പെടെ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ഷെഡിന് തീപിടിച്ചത്. ഉണങ്ങിയ പുല്ലും ശക്തമായ കാറ്റും കാരണം തീ അതിവേഗം അടുത്തുള്ള വീടുകളിലേക്ക് പടരുകയായിരുന്നു. സൗത്ത് ഓസ്‌ട്രേലിയൻ കൺട്രി ഫയർ സർവീസ് (CFS) യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ പുക ശ്വസിച്ചും ചെറിയ പൊള്ളലേറ്റുമാണ് അഞ്ച് പേരെ ചികിത്സയിൽ പ്രവേശിപ്പിച്ചത്. ഇതിൽ ഒരാൾ അഗ്നിശമന സേനാംഗമാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
ഷെഡിൽ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളാണോ അതോ ഷോർട്ട് സർക്യൂട്ടാണോ തീപിടുത്തത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏകദേശം ലക്ഷക്കണക്കിന് ഡോളറിന്റെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. പ്രദേശത്ത് പുകയും ചൂടും നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു

