തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നു പ്രതികൾ കൂട്ടത്തോടെ പുറത്തേക്ക്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കു പിന്നാലെ മറ്റൊരു പ്രതിയായിരുന്ന ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനു ജാമ്യം ലഭിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള സമ്മർദത്തെത്തുടർന്നാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തതെന്നും ഇതാണ് പ്രതികൾ രക്ഷപ്പെടാൻ ഇടയാക്കുന്നതെന്നുമുള്ള ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ ഇടക്കാല കുറ്റപത്രം സമർപ്പിക്കാൻ എസ്ഐടി നടപടി തുടങ്ങി.
കട്ടിളപ്പാളി കടത്തു കേസിലും ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി തട്ടിച്ച കേസിലും പ്രതിയായ മുരാരി ബാബുവിനു കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. രണ്ടു കേസിലും ജാമ്യം ലഭിച്ചതിനെത്തുടർന്നാണ് മുരാരി ബാബു തിരുവനന്തപുരം സ്പെഷൽ സബ് ജയിലിൽനിന്നു പുറത്തിറങ്ങിയത്. 90 ദിവസത്തിനകം കുറ്റപത്രം നൽകാതിരുന്നതോടെ സ്വാഭാവിക ജാമ്യമമാണ് മുരാരി ബാബുവിനു ലഭിച്ചത്. ഒരു കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കും ജാമ്യം ലഭിച്ചു. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ അടുത്ത കേസിലും ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു ജാമ്യം ലഭിക്കും. ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാത്തത് കുറ്റവാളികൾ ജയിലിൽനിന്നു പുറത്തിറങ്ങുന്നതിന് കാരണമാകും.
അന്വേഷണത്തിന്റെ റഡാറിൽ നിൽക്കുന്നവർക്കും അറസ്റ്റ് ചെയ്യാപ്പെട്ടാലുടൻ ജാമ്യം കിട്ടുന്നതിന്, മുഖ്യപ്രതികൾക്ക് ജാമ്യം ലഭിക്കുന്നതു കാരണമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. എസ്ഐടിക്കുമേൽ ശക്തമായ സമ്മർദം മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം പിന്നീടു കോടതിയും ശരിവച്ചിരുന്നു.

