ന്യൂഡൽഹി: രാജ്യത്തെ വൈദ്യുതി വിതരണക്കന്പനികളുടെ ദേശീയ റാങ്കിംഗിൽ ഇടത്തരം പ്രകടനം കാഴ്ചവച്ച് കേരളത്തിന്റെ ഏക വൈദ്യുതി വിതരണക്കന്പനിയായ കെഎസ്ഇബി.
കഴിഞ്ഞദിവസം കേന്ദ്രസർക്കാർ പുറത്തുവിട്ട വൈദ്യുതി വിതരണ സേവനങ്ങളുടെ 14-ാമത് സംയോജിത റേറ്റിംഗ് ആൻഡ് റാങ്കിംഗ് റിപ്പോർട്ടിൽ ബി ഗ്രേഡാണു കെഎസ്ഇബിക്കു ലഭിച്ചത്. സർക്കാർ, സ്വകാര്യ ഉടമസ്ഥതയിലുള്ള രാജ്യത്തെ വൈദ്യുതി വിതരണക്കന്പനികളും പവർ ഡിപ്പാർട്ട്മെന്റുകളും ഉൾപ്പെട്ടിട്ടുള്ള 65 വൈദ്യുതി വിതരണ സ്ഥാപനങ്ങളെ റേറ്റിംഗിനു വിധേയമാക്കിയാണ് കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെ കീഴിൽ റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്.
സർക്കാർ ഉടമസ്ഥതയിലും സ്വകാര്യ ഉടമസ്ഥതയിലുമുള്ള രാജ്യത്തെ 54 വൈദ്യുതി വിതരണക്കന്പനികളിൽ 24-ാമത് മാത്രമാണ് റേറ്റിംഗിൽ കെഎസ്ഇബിയുടെ സ്ഥാനം. ബി ഗ്രേഡോടെ നൂറിൽ 63.25 സ്കോറാണു കെഎസ്ഇബിക്കു ലഭിച്ചത്.

