കണ്ണൂർ: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന ബഡ്സ് ബിആർസി വിദ്യാർഥികൾക്കായി കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ബഡ്സ് ഒളിമ്പിയ കിരീടം പത്തനംതിട്ടയ്ക്ക്. ആവേശകരമായ പോരാട്ടത്തിൽ കൊല്ലവും കണ്ണുരും ഉയർത്തിയ വെല്ലുവിളിയെ അവസാന ലാപ്പിൽ മറികടന്നാണു പത്തനംതിട്ട ചാന്പ്യൻമാരായത്.
കണ്ണൂർ പോലീസ് പരേഡ് സിന്തറ്റിക് ഗ്രൗണ്ടിൽ രണ്ടുദിവസങ്ങളിലായി നടന്ന മത്സരത്തിൽ 71 പോയിന്റാണ് പത്തനംതിട്ട നേടിയത്. 52പോയിന്റുമായി കൊല്ലവും 48 പോയിന്റുമായി കണ്ണൂരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സബ് ജൂണിയർ വിഭാഗത്തിൽ കൊല്ലം ജില്ലയിലെ ശ്രീനന്ദനും തിരുവനന്തപുരത്തെ ആദിത്യയും ജൂണിയർ വിഭാഗത്തിൽ മലപ്പുറത്തിന്റെ മുഹമ്മദ് ഉഫൈസും പത്തനംതിട്ടയുടെ അമൃതയും സീനിയർ വിഭാഗത്തിൽ കോട്ടയത്തിന്റെ ശ്രീരാജും പത്തനംതിട്ടയുടെ ഗൗരി കൃഷ്ണയും വ്യക്തിഗത ചാമ്പ്യന്മാരായി.
സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ മികച്ച പ്രകടനം കാഴ്ചവച്ച കൊല്ലം സ്വദേശിയായ ജെ. അഭിലാലിനെ വേഗമേറിയ ഓട്ടക്കാരനായി തെരഞ്ഞെടുത്തു. സമാപന സമ്മേളനം കണ്ണൂർ കോർപറേഷൻ മേയർ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. കെ.വി. സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.

