കോഴിക്കോട്: വിധി മരണത്തിന് മാറ്റിവെച്ച ജീവിതം സെക്കന്റുകളുടെ വ്യത്യാസത്തിൽ ജീവിതത്തിലേക്ക് തിരികെക്കയറിയത് പോലീസിന്റെ മനസ്സാന്നിധ്യത്തിൽ. പ്രണയനൈരാശ്യത്തെ തുടർന്ന് ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച കണ്ണൂർ സ്വദേശിയായ യുവാവിനെയാണ് നടക്കാവ് പോലീസ് സാഹസികമായി രക്ഷപ്പെടുത്തിയത്. നിശ്ചയദാർഢ്യത്തോടെയുള്ള പോലീസിന്റെ ഇടപെടൽ ഒരു കുടുംബത്തിന്റെ തണൽ നഷ്ടപ്പെടാതെ കാത്തു.
വെള്ളിയാഴ്ച രാത്രിയാണ് നടക്കാവ് സ്റ്റേഷനിലെ എഎസ്ഐ പി. സുനീഷിന് കൂത്തുപറമ്പ് പോലീസിൽ നിന്ന് സന്ദേശം ലഭിക്കുന്നത്. “ഒരു യുവാവിനെ കാണാനില്ല, ടവർ ലൊക്കേഷൻ നടക്കാവ് സ്റ്റേഷൻ പരിധിയിലെ എരഞ്ഞിപ്പാലം ഭാഗത്താണ്.” വിവരങ്ങൾ ലഭിച്ചയുടൻ ആലോചിച്ചു നിൽക്കാൻ സമയം കളയാതെ എഎസ്ഐയും സിപിഒ എൻ. നിഷോബും ഡ്രൈവർ എം. മുഹമ്മദ് ജിഷാദും തിരച്ചിലിനിറങ്ങി.
ജനസാന്ദ്രതയേറിയ എരഞ്ഞിപ്പാലം ശാസ്ത്രിനഗർ കോളനിയിലായിരുന്നു ലൊക്കേഷൻ. ഒട്ടേറെ ഹോസ്റ്റലുകളും ഹോട്ടലുകളും ആശുപത്രികളുമുള്ള പ്രദേശം. തിരച്ചിൽ ദുഷ്കരമായിരുന്നിട്ടും പോലീസ് സംഘം പിന്മാറിയില്ല. ജീപ്പ് കടന്നുചെല്ലാത്ത ഇടവഴികളിലൂടെ നടന്നും വീടുകളിലും ഹോട്ടലുകളിലും യുവാവിന്റെ ഫോട്ടോ കാണിച്ചന്വേഷിച്ചും അവർ മുന്നോട്ടുനീങ്ങി. തിരച്ചിലിനിടെ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് പോലീസുകാർ രക്ഷപ്പെട്ടത്.
അഞ്ച് കിലോമീറ്ററോളം നടന്നുള്ള അന്വേഷണം ഫലം കാണാതെ വന്നതോടെ വീണ്ടും പരിശോധിച്ച സ്ഥലങ്ങളിൽ തന്നെ തിരയാൻ പോലീസ് തീരുമാനിച്ചു. ആ നിശ്ചയദാർഢ്യം ഫലം കണ്ടു. കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് സമീപത്തെ ഹോട്ടലുടമ യുവാവിനെ തിരിച്ചറിഞ്ഞു. മൂന്നാം നിലയിലെ മുറിയിലേക്ക് പോലീസ് സംഘം പാഞ്ഞടുത്തു.
വാതിലിൽ മുട്ടിയിട്ടും പ്രതികരണമില്ലാതായതോടെ റൂം ബോയിയെ വിളിച്ച് സ്പെയർ കീ ഉപയോഗിച്ച് തുറക്കാൻ ശ്രമിച്ചെങ്കിലും അകത്തുനിന്ന് കുറ്റിയിട്ടിരുന്നതിനാൽ പരാജയപ്പെട്ടു. കീഹോളിലൂടെ നോക്കിയ പോലീസുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. കസവുമുണ്ടുമായി ഫാനിൽ തൂങ്ങാൻ ഒരുങ്ങുന്ന യുവാവ്!
മറ്റൊന്നും ചിന്തിക്കാതെ പോലീസ് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി യുവാവിനെ തടഞ്ഞു. പ്രണയനൈരാശ്യത്തെ തുടർന്ന് ജീവനൊടുക്കാൻ തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പും മുറിയിൽ നിന്ന് കണ്ടെടുത്തു.
“ജീവിതം ഇനിയുമുണ്ട്…”
ജീവൻ രക്ഷിച്ച ശേഷം തളർന്നിരുന്ന യുവാവിന് സ്നേഹത്തോടെ ആത്മവിശ്വാസം പകർന്നു നൽകാനും ഉദ്യോഗസ്ഥർ മറന്നില്ല. “ജീവിതം ഇനിയുമുണ്ട് ആസ്വദിക്കാൻ” എന്ന വാക്കുകളിലൂടെ അവനെ ജീവിതത്തിലേക്ക് അവർ പിടിച്ചുയർത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വീട്ടുകാർക്കൊപ്പം ആശ്വാസത്തോടെ യുവാവിനെ യാത്രയാക്കുമ്പോൾ ഒരു വലിയ ദുരന്തം ഒഴിവാക്കിയ സംതൃപ്തിയിലായിരുന്നു നടക്കാവ് പോലീസ് സംഘം

