കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളുടെ മൊഴിപ്പകര്‍പ്പുകള്‍ ആവശ്യപ്പെട്ട് എസ്ഐടിക്കു കത്തയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇഡിയുടെ ആവശ്യത്തില്‍ നിയമോപദേശം തേടിയശേഷം തീരുമാനമെടുക്കാനാണ് എസ്ഐടിയുടെ തീരുമാനം. ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴിയിലെ ഉന്നതരുടെയടക്കം പേരുകളാണ് എസ്ഐടി ഇഡിക്കു നല്‍കേണ്ടത്.
അതിനിടെ, കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യും. ചോദ്യംചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് മുരാരി ബാബുവിന് ഇഡി ഉടന്‍ സമന്‍സ് അയയ്ക്കും. മുരാരി ബാബുവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ തുടങ്ങിയിരിക്കെയാണു ചോദ്യം ചെയ്യാനുള്ള നീക്കം.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഇഡി നീക്കം. മുരാരി ബാബുവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും ഇഡി ആരംഭിച്ചിട്ടുണ്ട്.

