അന്താരാഷ്ട്ര നാടകോത്സവം 16-ാമത് ഇറ്റ്‌ഫോക്കിന് തൃശൂരില്‍ അരങ്ങുണര്‍ന്നു

തൃശൂര്‍: കേരള സംഗീത അക്കാദമി സംഘടിപ്പിച്ചു വരാറുള്ള അന്തര്‍ദ്ദേശീയ നാടകോത്സവമായ ഇറ്റ് ഫോക്ക് 2026 മന്ത്രി കെ.രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പ്രശസ്ത സിനിമാ സംവിധായകന്‍ ആനന്ദ് പട്വര്‍ദ്ധന്‍ മുഖ്യാതിഥി ആയിരുന്നു. പ്രശസ്ത ചലച്ചിത്രനടനും, മുന്‍ കേരള സംഗീത അക്കാദമി ചെയര്‍മാന്‍ ഭരത് മുരളിയുടെ ദീര്‍ഘവീക്ഷണത്തില്‍ തുടക്കം കുറിച്ച് ഇറ്റ് ഫോക്കിന്റെ പതിനാറാം എഡിഷനാണ് ഇത്തവണ നടക്കുന്നത്.ജാതി,മതം,വംശീയത എന്നിവയാല്‍ അരിക്കുവത്കരിക്കപ്പെടുകയും,വേദന അനുഭവിക്കുകയും ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ‘ഈ നിശ്ശബ്ദതയിലെ ശബ്ദങ്ങള്‍ ‘എന്ന പ്രമേയത്തിലാണ് ഈ വര്‍ഷം അന്താരാഷ്ട്ര നാടകോത്സവം മുന്നോട്ടു പോകുന്നത്.

ജനുവരി 25- മുതല്‍ ഫെബ്രുവരി 1 വരെയുള്ള ദിവസങ്ങളില്‍ അര്‍ജന്റീന,ഡെന്‍മാര്‍ക്ക്, ഇറ്റലി,ജപ്പാന്‍,നോര്‍വെ അര്‍മേനിയ, പാലസ്തീന്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 9 നാടകങ്ങളും,ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 9നാടകങ്ങളും, മലയാളത്തില്‍ ശ്രദ്ധേയമായ 5 നാടകങ്ങളും ഉള്‍പ്പടെ 23 നാടകങ്ങളുടെ 46 പ്രദര്‍ശനങ്ങളാണ് അരങ്ങേറുന്നത്.

ആദ്യദിനം അര്‍ജന്റീനിയന്‍ സംഘത്തിന്റെ സ്പാനിഷ് ഭാഷയിലുള്ള ഫ്രാങ്ക് സ്‌റ്റൈണ്‍ പ്രൊജക്റ്റ് എന്ന നാടകവും, ഡെന്‍മാര്‍ക്കില്‍ നിന്നുള്ള സംഘത്തിന്റെ റോമിയോ &ജൂലിയറ്റ് എന്ന നാടകവും ജനശ്രദ്ധ ആകര്‍ഷിച്ചു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന സൂഫി സംഗീത രാവും ശ്രദ്ധേയമായി.

നാടകോത്സവത്തിന്റെ അനുബന്ധ പരിപാടികളായി സംവാദങ്ങള്‍,ചര്‍ച്ചകള്‍,തനത് കലാരൂപങ്ങളുടെ അവതരണം, ചിത്ര പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയും ഒരുക്കുന്നുണ്ട്. ഗോപാലന്‍ അടാട്ട്,സജീവ് കീഴന്നിയൂര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കൊപ്പം കഴിഞ്ഞ ദിവസം വിട പറഞ്ഞ ജനകീയ നാടക കലാകാരന്‍ കെ.വി.വിജേഷിന്റെ ചിത്ര പ്രദര്‍ശനവും ഉണ്ടായിരുന്നു.വിജേഷിന്റെ വേര്‍പാട് നല്‍കുന്ന വേദനയും, വിങ്ങലുമായാണ് നാടക സ്‌നേഹികള്‍ ഇത്തവണ ഇറ്റ് ഫോക്കിനെത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *