ന്യൂഡല്‍ഹി: രാജ്യം 77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ. ഡൽഹിയിലെ കര്‍ത്തവ്യപഥില്‍ നടക്കുന്ന പരേഡ് രാജ്യത്തിന്റെ വിവിധ മേഖലകളിലെ ശക്തി വിളിച്ചോതുന്നതായിരിക്കും.
റിപ്പബ്ലിക് ദിനം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനം. ജമ്മുകാഷ്മീരിൽ തുടരുന്ന ഏറ്റുമുട്ടലുകളുടെയും കഴിഞ്ഞദിവസം പഞ്ചാബിൽ ട്രെയിൻ കടന്നുപോകവേ റെയിൽവേ ട്രാക്കിലുണ്ടായ സ്ഫോടനത്തിന്റെയുമൊക്കെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സൈനികശക്തി വിളിച്ചോതുന്ന പരേഡിൽ ഇതാദ്യമായി കരസേനയുടെ ആനിമൽ കോണ്ടിജെന്റ് പങ്കെടുക്കും. റിമൗണ്ട് ആൻഡ് വെറ്ററിനറി കോർപ്സിലെ ക്യാപ്റ്റൻ ഹർഷിത രാഘവ് നേതൃത്വം നൽകുന്ന പരേഡിൽ കോണ്ടിജെന്റിലെ പരുന്തുകളും വിവിധ മൃഗങ്ങളും അണിനിരക്കും. പരേഡില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രതിരോധ ആയുധങ്ങളില്‍ ബ്രഹ്മോസ്, ആകാശ് മിസൈല്‍ സംവിധാനം, മീഡിയം റേഞ്ച് സര്‍ഫേസ് ടു എയര്‍ മിസൈല്‍ സംവിധാനം, അഡ്വാന്‍സ്ഡ് ടോവ്ഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം , ധനുഷ് പീരങ്കി തോക്ക്, ശക്തിബാന്‍, ചില ഡ്രോണുകളുടെ സ്റ്റാറ്റിക് ഡിസ്പ്ലേ എന്നിവ ഉള്‍പ്പെടും. ഏകദേശം 90 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പരേഡില്‍ 18 മാര്‍ച്ചിംഗ് സംഘങ്ങളും 13 ബാന്‍ഡുകളും പങ്കെടുക്കുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യന്‍ യൂണിയന് കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെയര്‍ ലെയനുമാണ് റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥികൾ.
ഉര്‍സുല വോണ്‍ ഡെയര്‍ ലെയന് ശനിയാഴ്ച ഡല്‍ഹിയിലെത്തിയിരുന്നു. ഇരുനേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
കൂടിക്കാഴ്ചയിൽ ഇന്ത്യ-യൂറോപ്യന്‍ യൂണിയന് സ്വതന്ത്ര വ്യാപാര കരാര്‍ അംഗീകരിക്കും. ’എല്ലാ വ്യാപാര ഇടപാടുകളുടെയും മാതാവ്’ (മദർ ഓഫ് ഓൾ ഡീൽസ്) എന്നു വിശേഷിപ്പിക്കപ്പെട്ട ഈ കരാർപ്രകാരം യൂറോപ്പിൽനിന്നുള്ള കാറുകൾക്കും വൈനിനും ഇന്ത്യ കുറഞ്ഞ തീരുവകൾ നൽകും. പകരമായി ഇന്ത്യയിൽനിന്നുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ടെക്സ്റ്റൈലുകൾക്കും രാസവസ്തു മേഖലകൾക്കും യൂറോപ്പ് വലിയ വിപണി തുറന്നുകൊടുക്കും.

