കേരളം രാജ്യത്തിന് മാതൃക; 2025-ല്‍ അതിദാരിദ്ര്യമില്ലാത്ത ആദ്യ സംസ്ഥാനമായി: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: വികസനത്തിലും സാമൂഹിക നീതിയിലും കേരളം കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമാ യി ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. 2025-ഓടെ ഇന്ത്യയിലെ അതിദാരിദ്ര്യമില്ലാത്ത ആദ്യ സംസ്ഥാനമെന്ന പദവി കേരളം കൈവരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ അടയാളമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന് മന്ത്രി പറഞ്ഞു. വെറും 10 മാസത്തിനുള്ളില്‍ 10 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്ത തുറമുഖം ദക്ഷിണേന്ത്യയിലെ പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബായി മാറിക്കഴിഞ്ഞു. രണ്ടാം ഘട്ട വികസനം പൂര്‍ത്തിയാകുന്നതോടെ പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടുക്കിയിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായ 1964-ലെയും 1993-ലെയും ഭൂപതിവ് നിയമ ഭേദഗതി നടപ്പിലാക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ വലിയ നേട്ടമാണ്. കര്‍ഷകരെ സഹായിക്കാന്‍ ഏലം പുനര്‍കൃഷിക്ക് ഹെക്ടറിന് ഒരു ലക്ഷം രൂപ ധനസഹായം നല്‍കിത്തുടങ്ങി. മുട്ടത്തെ സ്‌പൈസസ് പാര്‍ക്കും ഉടന്‍ ആരംഭിക്കുന്ന മിനി ഫുഡ് പാര്‍ക്കും ഹൈറേഞ്ച് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡിംഗിന് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ കുടിവെള്ള വിതരണ രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായത്. 17 ലക്ഷം ഗ്രാമീണ ഭവനങ്ങളില്‍ നിന്നു കുടിവെള്ള കണക്ഷന്‍ 42 ലക്ഷമായി ഉയര്‍ത്താന്‍ സാധിച്ചു. നിലവില്‍ 44,000 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്തുടനീളം പുരോഗമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

100% ഡിജിറ്റല്‍ സാക്ഷരത നേടിയ കേരളം, കെ-സ്മാര്‍ട്ട് വഴി സേവനങ്ങള്‍ ജനവാതിക്കല്‍ എത്തിച്ചു. വിദേശ വിദ്യാര്‍ത്ഥികളെ പോലും ആകര്‍ഷിക്കുന്ന രീതിയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ നവീകരിച്ചു. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, സയന്‍സ് സിറ്റി എന്നിവ ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, എന്‍.സി.സി തുടങ്ങിയ സംഘടനകളുടെ സേവനം വലുതാണെന്നും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവരും കൈകോര്‍ക്കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പരേഡ് കമാന്‍ഡര്‍ അമൃത് സിംഗ് നായകം എ.ജെ.യുടെ നേതൃത്വത്തില്‍ വിവിധ പ്ലറ്റൂണുകള്‍ അണിനിരന്ന പരേഡില്‍ മന്ത്രി അഭിവാദ്യം സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *