കാന്‍ബറ: ഓസ്ട്രേലിയ ഡേ ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന നഗരിയില്‍ ഔദ്യോഗിക പതാക ഉയര്‍ത്തല്‍ ചടങ്ങും പൗരത്വ സ്വീകരണവും നടന്നു. രാവിലെ ലേക്ക് ബര്‍ലി ഗ്രിഫിന്‍ തീരത്തുള്ള റോണ്‍ വോക്കര്‍ ഗാര്‍ഡന്‍സില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് ദേശീയ പതാക ഉയര്‍ത്തി.
രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും തിരഞ്ഞെടുത്ത 30-ഓളം രാജ്യങ്ങളില്‍ നിന്നുള്ള 150-ല്‍ പരം ആളുകളാണ് ഇന്ന് ഔദ്യോഗികമായി ഓസ്ട്രേലിയന്‍ പൗരത്വം സ്വീകരിച്ചത്. പൗരത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത പ്രധാനമന്ത്രി, പുതിയ പൗരന്മാരെ രാജ്യത്തേക്ക് സ്വാഗതം ചെയ്തു.നമ്മുടെ രാജ്യത്തിന്റെ ഭാഗമാകാന്‍ ഈ ദിനം തിരഞ്ഞെടുത്തവര്‍ക്ക് അഭിനന്ദനങ്ങള്‍.നിങ്ങളുടെ സംസ്‌കാരവും കഴിവും ഓസ്ട്രേലിയയെ കൂടുതല്‍ കരുത്തുറ്റതാക്കും, പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
പതാക ഉയര്‍ത്തല്‍ ചടങ്ങിനോടനുബന്ധിച്ച് പ്രതിരോധ സേനയുടെ പ്രത്യേക ഗാര്‍ഡ് ഓഫ് ഓണറും 21 ഗണ്‍ സല്യൂട്ടും നടന്നു.ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ പൗരത്വം സ്വീകരിച്ചത് ഓസ്ട്രേലിയയുടെ ബഹുസ്വരതയെ വിളിച്ചോതുന്നതായിരുന്നു.ആഘോഷങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ ആദിമ നിവാസികളുടെ ചരിത്രത്തെയും പോരാട്ടങ്ങളെയും ആദരിക്കേണ്ടതിന്റെ പ്രാധാന്യം ചടങ്ങില്‍ ചര്‍ച്ചയായി.പൗരത്വം സ്വീകരിച്ചവരുടെ കുടുംബാംഗങ്ങളും നിരവധി വിശിഷ്ട അതിഥികളും പങ്കെടുത്ത ചടങ്ങ് ദേശീയ ഗാനാലാപനത്തോടെയാണ് സമാപിച്ചത്.

